കട്ടപ്പനയിലെ മഹാരാജാ ഹോട്ടലില്‍ വിളമ്പിയ കപ്പബിരിയാണിയില്‍ ജീവനുള്ള പുഴു; പരാതിയുമായി ദമ്പതികള്‍

ഇടുക്കി: ഹോട്ടലില്‍ വിളമ്പിയ ഭക്ഷണത്തില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതായി പരാതി.

കട്ടപ്പനയിലെ മഹാരാജാ ഹോട്ടലില്‍ വിളമ്പിയ കപ്പബിരിയാണിയില്‍ നിന്നാണ് ഇവിടെ ആഹാരം കഴിക്കാനെത്തിയ ദമ്പതികള്‍ക്ക് പുഴുവിനെ കിട്ടിയത്.
തുടർന്ന് ഇവർ നഗരസഭയിലെത്തി പരാതി നല്‍കി.

പുഴുവിനെ കണ്ടെത്തിയ ഭക്ഷണം പാഴ്‌സലായി നല്‍കാൻ ആവശ്യപ്പെട്ടെങ്കിലും ഹോട്ടല്‍ ജീവനക്കാർ നിരസിച്ചതായി പരാതിക്കാർ പറയുന്നു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് കാഞ്ചിയാർ സ്വദേശികളായ ദമ്പതികള്‍ ഹോട്ടലിലെത്തി കപ്പബിരിയാണി ഓർഡർ ചെയ്തത്. ആഹാരം കഴിക്കുന്നതിനിടെ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതിനെത്തുടർന്ന് വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോള്‍ ജീവനക്കാരെത്തി തടയുകയും ഭക്ഷണം തിരികെയെടുത്തുകൊണ്ട് പോവുകയും ചെയ്തു.

ഭക്ഷണം പാഴ്‌സലായി നല്‍കാൻ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാർ വിസമ്മതിച്ചുവെന്നും സംഭവം ഒത്തുതീർപ്പാക്കാൻ ഉടമ ശ്രമിച്ചെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ഇന്ന് രാവിലെയാണ് ദമ്പതികള്‍ രേഖാമൂലം നഗരസഭയില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി.