എറണാകുളം: വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ യുവാക്കള്‍ ക്രൂരമായി മർദിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
ജയ ചികിത്സയില്‍ കഴിയുന്ന എറണാകുളം ലിസി ആശുപത്രിയില്‍ വനിതാ കമ്മിഷന്‍ അംഗങ്ങളും അധ്യക്ഷ അഡ്വ. പി. സതീദേവിയും എത്തി. വനിതാ കമ്മിഷന്‍ ജയയുടെ സഹോദരിയോടും ചികിത്സിക്കുന്ന ഡോക്ടര്‍ രാജീവിനോടും സംസാരിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
സംഭവത്തില്‍ റൂറല്‍ പൊലീസ് മേധാവിയോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും അധ്യക്ഷ പറഞ്ഞു.
‘യുവതിക്ക് നിലവില്‍ മികച്ച ചികിത്സയാണു ലഭിക്കുന്നത്. നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റതായാണ് ഡോക്ടര്‍ പറഞ്ഞത്. ആന്തരിക രക്തസ്രാവവും ഉണ്ട്. യുവതിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിന് നടപടിസ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനോട് കമ്മിഷന്‍ ആവശ്യപ്പെട്ടതായും അധ്യക്ഷ പറഞ്ഞു.
ക്വട്ടേഷന്‍ ആക്രമണമാണ് നടന്നതെന്നാണ് മനസിലാക്കുന്നത്. വ്യക്തി വിരോധത്തിന്റെ പേരില്‍ ഗുണ്ടാസംഘങ്ങളെ നിയോഗിച്ച് ആസൂത്രിതമായി നടത്തിയ നിഷ്ഠൂരമായ ആക്രമണമാണിത്. കുടുംബം പുലര്‍ത്താന്‍ ഓട്ടോ ഓടിക്കുന്ന ഒരു സ്ത്രീക്കാണ് ഈ അവസ്ഥയുണ്ടായത്.
സ്ത്രീകള്‍ക്കെതിരെ ഇത്തരം അതിക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
