മരം മുറിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ആലപ്പുഴ: കയർ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

തിരുവല്ല മുത്തൂരിലാണ് സംഭവം. ആലപ്പുഴ തകഴി സ്വദേശി സെയ്‌ദ് (32) ആണ് മരിച്ചത്.

മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയിരുന്ന കയർ സെയ്‌ദിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം യാത്ര ചെയ്യവേയായിരുന്നു അപകടം.

മുത്തൂർ സർക്കാർ സ്‌കൂള്‍ വളപ്പില്‍ നിന്ന മരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കയർ കഴുത്തില്‍ കുരുങ്ങി റോഡില്‍ വീണ സെയ്‌ദിന് ഗുരുതരമായി പരിക്കേറ്റു. ഭാര്യയും മക്കളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനല്‍കും. കരാറുകാരനും മരംവെട്ടു തൊഴിലാളികള്‍ക്കുമെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.