കോട്ടയം : അയർകുന്നത്ത് വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ.
തിരുവഞ്ചൂർ പന്നല്ലൂർക്കര കോളനിയിൽ കുന്നേൽ പുത്തൻ പുരയ്ക്കൽ കെ ജെ സുനിൽ (52) നെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 13 ഞായറാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം, പന്നല്ലൂർ കോളനിയിൽ വച്ച് യുവാവുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ട പ്രതി യുവാവിൻ്റെ നെഞ്ചിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
പന്നല്ലൂർകര അരങ്ങത്ത് മാലിയിൽ ദിലീപിനാണ് കുത്തേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ കളത്തിപ്പടിയിൽ വച്ച് അയർക്കുന്നം എസ്എച്ച്ഒ അനൂപ് ജോസ്, എസ് ഐമാരായ സുജിത് കുമാർ, ജേക്കബ് ജോയി, എ എസ് ഐ പ്രദീപ് കുമാർ, സി പി ഒ മാരായ മധു , സുഭാഷ്, ജിജോ, ബിങ്കർ , രാജൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു.
