ഫ്ലാസ്കില്‍ നിന്നും വെള്ളം കുടിച്ചു; തുടര്‍ന്ന് ബോധരഹിതരായി; ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച; സ്വർണാഭരണങ്ങളും മൊബൈല്‍ ഫോണുകളും ബാഗും കവർന്നു

പത്തനംതിട്ട: ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ബോധം കെടുത്തി കവർച്ച.

പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി. ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവർച്ചക്കിരയായത്. സ്വർണാഭരണങ്ങളും മൊബൈല്‍ ഫോണുകളും ബാഗും ഉള്‍പ്പെടെ‌യുള്ള വിലപിടിച്ച വസ്തുക്കളെല്ലാം കവർന്നു.

കൊല്ലം – വിശാഖപട്ടണം എക്സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ബർത്തിന് അരികില്‍ ഇവർ വെച്ചിരുന്ന ഫ്ലാസ്കിലെ വെള്ളത്തില്‍ മയക്കുമരുന്ന് കലർത്തിയിരുന്നോ എന്ന സംശയമാണ് ഉയരുന്നത്.

വെളളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്നാണ് ദമ്പതികള്‍ പറയുന്നത്. ഇവർ വെല്ലൂർ സിഎംസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

സംഭവത്തില്‍ കാട്പാടി റെയില്‍വെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തമിഴ്നാട് ഹൊസൂറില്‍ സ്ഥിരതാമസക്കാരായ ദമ്പതികള്‍ നാട്ടില്‍ വന്നു മടങ്ങി പോകുമ്പോഴാണ് സംഭവം.