മലപ്പുറം: യാത്രക്കാർക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരൂർ റെയില്‍വേ സ്റ്റേഷനില്‍ ഡിജിറ്റല്‍ ലഗേജ് ലോക്കർ സംവിധാനം സ്ഥാപിച്ചു.
സ്വയം പ്രവർത്തിപ്പിക്കാവുന്ന ഈ ലോക്കറുകള്‍ വഴി യാത്രക്കാർക്ക് തങ്ങളുടെ ലഗേജുകള്‍ സുരക്ഷിതമായി സ്റ്റേഷനില്‍ ഏല്‍പ്പിച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി പുറത്തുപോകാൻ സാധിക്കും. ലോക്കറുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂർത്തിയായതായും വരും ദിവസങ്ങളില്‍ തന്നെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും റെയില്‍വേ അധികൃതർ അറിയിച്ചു.
പൂർണ്ണമായും ഡിജിറ്റലായി പ്രവർത്തിക്കുന്ന ഈ ലോക്കറുകള്‍ മൊബൈല്‍ ഫോണിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് തുറക്കാനും പൂട്ടാനും സാധിക്കുക. ഇത് ലഗേജുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നു. ആറ് മണിക്കൂർ നേരത്തേക്ക് 60 രൂപയാണ് ലോക്കർ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ നിരക്ക്. 10 ബാഗുകള്‍ വരെ സൂക്ഷിക്കാൻ കഴിയുന്ന വലിയ ലോക്കറുകള്‍ക്ക് 24 മണിക്കൂർ നേരത്തേക്ക് 300 രൂപ നല്‍കണം.
