തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു; തൃശൂർ പൂരത്തിന് പ്രൗഢ ഗംഭീര സമാപനം

തൃശൂർ : വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് സമാപനം. ഉപചാരം ചൊല്ലിപ്പിരഞ്ഞതോടെ പൂരത്തിന് സമാപനമായി. പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റി പടിഞ്ഞാറേ നടയിൽ ശ്രീമൂലസ്ഥാനത്തെത്തിയാണ്‌ ഉപചാരം ചൊല്ലിയത്

 

ആചാരപ്പെരുമയില്‍ ദേശങ്ങള്‍ ഒന്നിച്ചപ്പോള്‍ 230 ആമത് പൂരത്തിന് പൗഢമായ പരിസമാപ്തി. പൂര ദിനം ലോകത്തിനായി സമര്‍പ്പിക്കുമ്പോള്‍ പകല്‍പ്പൂര ദിനം ദേശത്തിനുള്ളതാണ്.

 

കാലത്ത് ഏഴരയോടെ മണികണ്ഠനാലില്‍ നിന്ന് പതിനഞ്ച് ആനകളുടെ അകമ്പടിയോടെ പാറമേക്കാവിലമ്മ എഴുന്നെള്ളി. എറണാകുളം ശിവകുമാര്‍ തിടമ്പേറ്റി. കിഴക്കൂട്ട് അനിയന്‍മാരാര്‍ മേളപ്രമാണിയായി. പത്തുമണിയോടെ ശ്രീമൂല സ്ഥാനം പന്തലിലേക്ക്. രണ്ടു മണിക്കൂര്‍ നീണ്ട കൊട്ടിക്കലാശം.

 

നായ്ക്കനാലില്‍ നിന്ന് തിരുവമ്പാടി ചന്ദ്രശേഖരന്‍റെ തിടമ്പിലേറി തിരുവമ്പാടി ഭഗവതി എഴുന്നെള്ളി. ചെറുശേരി കുട്ടന്‍ മാരാരുടെ മേള പ്രമാണം.

 

പത്തുമണിയോടെ തിരുവമ്പാടിയും ശ്രീമൂല സ്ഥാനം പന്തലിലേക്ക്.ആദ്യം മേളം കലാശിച്ചത് പാറമേക്കാവ്. പടിഞ്ഞാറെ നടയിലേക്ക് ഭഗവതി എത്തി തിരുവമ്പാടിക്കായുള്ള കാത്തിരിപ്പ്.

 

മേളം കലാശിച്ച് പടിഞ്ഞാറേ നടയിലേക്ക് എത്തിയ തിരുവമ്പാടി വടക്കുന്നാഥനെ വണങ്ങാന്‍ ക്ഷേത്ര അകത്തേക്ക് കയറി. പാറമേക്കാവ് നടുവിലാല്‍ ഗണപതിയെ വണങ്ങാനായി താഴേക്കും വന്നു.

 

ഇരുഭഗവതിമാരും തിരിച്ചെത്തി പന്ത്രണ്ടരയോടെ ഇനി അടുത്ത കൊല്ലം കാണാമെന്ന് ഉപചാരം ചൊല്ലി പിരിഞ്ഞു