വടകര : തിരക്ക് വര്‍ധിച്ചതോടെ ട്രെയിനില്‍ നിന്നുതിരിയാനിടമില്ല. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി ഗതാഗതക്കുരുക്ക് രൂക്ഷമായതിനാല്‍ യാത്രക്കാര്‍ പ്രധാനമായും ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. സീസണ്‍ ടിക്കറ്റുകാര്‍ക്ക് പുറമെ രാവിലെ പരശുറാമിനും വൈകീട്ട് നേത്രാവതിക്കും യാത്രക്കാരുടെ എണ്ണത്തില്‍ വൻ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനാല്‍ ട്രെയിനുകളില്‍ യാത്രക്കാര്‍ അപകടകരമായാണ് യാത്ര ചെയ്യുന്നത്. വാതില്‍പടിയില്‍ തൂങ്ങിപ്പിടിച്ചുള്ള യാത്ര നെഞ്ചിടിപ്പിക്കുന്ന കാഴ്ചയാണ്. റെയില്‍വേ പൊലീസും ടി.ടി.ഇയുമടക്കമെത്തി യാത്ര നിരുത്സാഹപ്പെടുത്തിയിട്ടും യാത്രക്കാര്‍ പിന്മാറാത്ത സ്ഥിതിയുമുണ്ട്. യാത്രക്കാരുടെ തിരക്കിന് പരിഹാരമുണ്ടാക്കാൻ എം.പി, എം.എല്‍.എ അടക്കം അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും അധിക കോച്ചോ പ്രത്യേക ട്രെയിനോ അനുവദിക്കാൻ റെയില്‍വേയുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാവുന്നില്ല.
ക്രിസ്മസ് അവധികൂടി ആയതോടെ പതിവിലും യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. ദേശീയപാത നിര്‍മാണം പൂര്‍ത്തിയായി ഗതാഗതം പൂര്‍വസ്ഥിതിയിലാകാൻ കാലങ്ങളെടുക്കുമെന്നാണ് നിലവിലെ സ്ഥിതി വെച്ചുനോക്കുമ്ബോള്‍ കാണാൻ കഴിയുന്നത്. പലയിടത്തും പാതനിര്‍മാണം പാതിവഴിയിലാണ്. പുതിയ കോച്ചുകള്‍ അനുവദിക്കാൻ മാര്‍ച്ചുവരെ കാത്തിരിക്കണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, മുടന്തൻ ന്യായം പറഞ്ഞ് ആവശ്യം അവഗണിക്കപ്പെടുന്നതില്‍ പ്രതിഷേധം ശക്തമാണ്.
