കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡില്‍ വിവിധ തസ്‌തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ക്രെയിൻ ഓപ്പറേറ്റർ, സ്റ്റാഫ് കാർ ഡ്രൈവർ തസ്‌തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്.
ഏഴ് ഒഴിവുകളാണുള്ളത്. വർക്ക്‌മെൻ വിഭാഗത്തിലെ തസ്‌തികകളില്‍ മൂന്നെണ്ണം സൈനികർക്കായി സംവരണം ചെയ്‌തിരിക്കുകയാണ്.
ക്രെയിൻ ഓപ്പറേറ്റർ തസ്‌തികയില്‍ ആറ് ഒഴിവുകളും സ്റ്റാഫ് കാർ ഡ്രൈവർ തസ്‌തികയില്‍ ഒരു ഒഴിവുമാണുള്ളത്. മേയ് ആറുവരെ ഓണ്‍ലൈനായാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. ക്രെയിൻ ഓപ്പറേറ്റർ (ഡീസല്‍) തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്‌എസ്‌എല്‍സി പാസായിരിക്കണം. ഫിറ്റർ അല്ലെങ്കില്‍ മെക്കാനിക്ക് ട്രേഡില്‍ ഐടിഐ നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 22,500 മുതല്‍ 73,750 രൂപ വരെയാണ് പ്രതിമാസ ശമ്പളം.
സ്റ്റാഫ് കാർ ഡ്രൈവർ തസ്‌തികയിലേക്കും എസ്‌എസ്‌എല്‍സിയാണ് യോഗ്യത. ലൈറ്റ് വെഹിക്കിള്‍ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. പൊതുമേഖലാ അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്റ്റാഫ് കാർ ഡ്രൈവറായി മൂന്നുവർഷത്തെ പരിചയമുണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,300 രൂപ മുതല്‍ 69,840 രൂപ വരെ ശമ്പളം ലഭിക്കും.
ജോലിക്ക് അപേക്ഷിക്കാനുള്ള ഫീസ് 400 രൂപയാണ്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, വാലറ്റുകള്‍ തുടങ്ങിയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് അപേക്ഷ ഫീസ് അടയ്‌ക്കാവുന്നതാണ്. മറ്റൊരു പേയ്‌മെന്റ് രീതിയും സ്വീകരിക്കുന്നതല്ല. അപേക്ഷാ ഫീസ് അടച്ചുകഴിഞ്ഞാല്‍ റീഫണ്ട് ഉണ്ടായിരിക്കുന്നതല്ല.
