യഷ്-ഗീതു മോഹൻദാസ് ചിത്രം ടോക്‌സിക്കിന്റെ റിലീസ് മാറ്റിവെച്ചു; തീരുമാനം പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് ‘ടോക്സിക്’. ഗീതു മോഹൻദാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മാർച്ച് 19 നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് നീട്ടി എന്ന അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്. ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് മിഡിൽ ഈസ്റ്റിൽ തുടരുന്ന അനിശ്ചിതത്വത്തെ തുടർന്നാണ് സിനിമയുടെ റിലീസ് മാറ്റിയത്. ചിത്രം ജൂൺ നാലിന് പുറത്തിറങ്ങും. ഇസ്രയേൽ-ഇറാൻ സംഘർഷം സാധാരണ ജനജീവിതത്തെ എന്ന പോലെ സിനിമാ മേഖലയെയും ബാധിച്ചിരിക്കുകയാണ്. ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ടീസറിന്റെ അവസാനം പുതിയ ലുക്കിലുള്ള യഷിനെ കാണാനാകും. പക്കാ ഹോളിവുഡ് സിനിമയെന്ന് തോന്നിപ്പിക്കുന്ന തരം വിഷ്വലുകൾ ആണ് സിനിമയിൽ ഉള്ളതെന്ന സൂചനയാണ് ടീസർ നൽകുന്നത്. സിനിമയിൽ അഞ്ച് നായികമാരാണ് ഉള്ളത്. ഇവരുടെയെല്ലാം പോസ്റ്ററുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ടോക്സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുന്നുണ്ട്. നയൻതാര, കിയാര അദ്വാനി, സുദേവ് നായർ എന്നിവരടങ്ങുന്ന വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം ഗീതു മോഹൻദാസിന്റെ സംവിധായക എന്ന നിലയിലുള്ള കരിയറിലെ ഏറ്റവും വലിയ കാൽവെപ്പാണ്.