സിപിഐഎം അംഗത്വം പുതുക്കുന്നില്ലെന്ന് മുതിർന്ന നേതാവ് ജി സുധാകരൻ. പാർട്ടിയിൽ അവഗണന സഹിച്ച് തുടരാനില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമർശത്തിൽ വിമർശനം ഉന്നയിച്ചാണ് അംഗത്വം പുതുക്കുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. എംവി ഗോവിന്ദൻ താൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തുവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2026ലെ മെമ്പർഷിപ്പ് സ്‌ക്രൂട്ടണി അംഗത്വം പുതുക്കാൻ താൻ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്‌ക്കേണ്ടി വന്നില്ല. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണ് പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ പറയുന്നു. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യുമെന്ന് ജി സുധാകരൻ വ്യക്തമാക്കി.
63 വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള തനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നൽകിയിട്ടില്ല. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം തന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളിൽ വെച്ച് നടത്തിയപ്പോൾ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ച് പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും ബിഐആർ കേസ് ഉൾപ്പെടെ അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ ആയ തനിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകിയില്ലെന്ന് ജി സുധാകരൻ ആരോപിച്ചു.
