കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെട്ടു; കിഡ്‌നിക്കും ലിവറിനും അസുഖം: വയനാട് പരിചരണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന കടുവ ചത്തു

സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ വന്യജീവി പരിചരണ കേന്ദ്രത്തിൽ പരിചരിച്ചിരുന്ന കടുവ ചത്തു. 2023 സെപ്തംബര്‍ 26ന് ആയിരുന്നു കടുവയെ പിടികൂടിയത്.

പിടികൂടുമ്പോള്‍ തന്നെ നാല് കോമ്ബല്ലുകളും നഷ്ടപ്പെടുകയും തുടയുടെ മേല്‍ഭാഗത്തായി വലിയ മുറിവുമുണ്ടായിരുന്നു. ഇര തേടാനുള്ള ശേഷി നഷ്ടപ്പെട്ട മൃഗത്തെ ബത്തേരിയിലെത്തിച്ച്‌ ഹോസ്‌പൈസ് സെന്ററില്‍ തീവ്രപരിചരണം നല്‍കി വരികയായിരുന്നു.

കാഴ്ച്ചക്ക് പ്രശ്‌നം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇരുകണ്ണുകളുടെയും കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെട്ടു. ഭക്ഷണം തൊട്ടടുത്ത് എത്തിച്ചു നല്‍കിയാല്‍ മാത്രമായിരുന്നു കഴിച്ചിരുന്നത്. അതിനാല്‍ സ്‌ക്യൂസ്‌കേജില്‍ പാര്‍പ്പിച്ച്‌ മരുന്നും ഭക്ഷണവും നല്‍കി വരികയായിരുന്നു.

 

കഴിഞ്ഞ ആഴ്ച്ച നടത്തിയ രക്ത പരിശോധനയില്‍ കടുവയുടെ കിഡ്‌നിക്കും ലിവറിനും പരിഹരിക്കാനാവാത്ത വിധമുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി. മുന്‍പ് തന്നെ ഉണ്ടായിരുന്ന ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഗുരുതരമായിരുന്നു.

ഇതോടെ കടുവയുടെ ആരോഗ്യസ്ഥിതി വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം നിരന്തരം വിലയിരുത്തി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് നല്‍കി വരുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ജീവന്‍ നഷ്ടപ്പെട്ടത്.