തൃശ്ശൂര്‍ പൂരത്തിനുണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ ദേവസ്വങ്ങള്‍ സംസ്കരിക്കണമെന്ന് ജില്ലാ ഭരണകൂടം; പ്രതിഷേധം ശക്തം

തൃശൂർ: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന ജൈവ മാലിന്യങ്ങള്‍ ദേവസ്വങ്ങള്‍ സ്വയം സംസ്‌കരിക്കണമെന്ന് ജില്ലാ ഭരണകൂടം.

ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് കളക്ടർ കത്ത് നല്‍കി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള പള്ളിത്താമം മൈതാനത്തില്‍ ഇനി മാലിന്യ സംസ്കരണം നടത്താൻ കഴിയില്ലെന്നും അറിയിച്ചിട്ടുണ്ട്.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാട് അംഗീകരിച്ചാണ് ജില്ലാ ഭരണകൂടം ഇരു ദേവസ്വങ്ങള്‍ക്കും കത്ത് നല്‍കിയത്. തിരുവമ്പാടിയും പാറമേക്കാവും മാത്രമല്ല കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എട്ടു ഘടക പൂരങ്ങളും ചേർന്നാണ് പൂരം നടത്തുന്നതെന്നും അതിനാല്‍ ഈ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി.

മാലിന്യ സംസ്കരണം തിരുവമ്പാടി, പാറമേക്കാവ് ദിവസങ്ങളുടെ മാത്രം ഉത്തരവാദിത്വമാകുന്നത് എങ്ങനെയാണെന്നും തിരുവമ്പാടി ദേവസം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു.