കാഞ്ഞങ്ങാട്: കട കുത്തിത്തുറന്ന് 42,430 രൂപയുടെ ചോക്ലേറ്റ് മോഷ്ടിച്ച കേസില്‍ മൂന്നുപേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റു ചെയ്തു.നാലംഗ മോഷണ സംഘത്തിലെ ഒരാള്‍ ഗോവയിലേക്കു കടന്നു. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ ഫസല്‍ റഹ്മാൻ (19), ബി. വിവിഷ് (19), കാഞ്ഞങ്ങാട് തീരദേശ ഗ്രാമത്തിലെ 17-കാരൻ എന്നിവരെയാണ് എസ്ഐ. വി.പി. അഖില്‍ അറസ്റ്റു ചെയ്തത്. സംഘത്തിലെ നാലാമൻ ആസിഫ് (23) ആണ് ഗോവയിലേക്കു കടന്നത്.
ജനുവരി 14-നാണ് കോട്ടച്ചേരിയിലെ മൊണാർക്ക് എന്റർപ്രൈസസില്‍നിന്ന് അരലക്ഷത്തോളം രൂപ വിലയുള്ള ചോക്ലേറ്റ് മോഷ്ടിച്ചത്. ചോക്ലേറ്റിനു പുറമെ മേശവലിപ്പിലുണ്ടായിരുന്ന 1680 രൂപയും മോഷണം പോയിരുന്നു. ഇവരില്‍ ഫസല്‍ റഹ്മാൻ ഒഴികെയുള്ള മൂന്നുപേർ ചേർന്ന് കാഞ്ഞങ്ങാട്ടെ ഐസ്ക്രീം ഗോഡൗണില്‍ നേരത്തെ കവർച്ച നടത്തിയതായും തെളിഞ്ഞു.
സമീപത്തെ വസ്ത്രശാലയിലെ സി.സി.ടി.വി. ക്യാമറയില്‍ നീല ജീൻസും ഇളംനിറത്തിലുള്ള ഷർട്ടും ധരിച്ച യുവാവ് നില്ക്കുന്നതും മറ്റു രണ്ട് യുവാക്കള്‍ ഷട്ടർ കുത്തിപ്പൊളിക്കുന്നതും പതിഞ്ഞിരുന്നു. ഏതാനും ദിവസം മുൻപാണ് കാഞ്ഞങ്ങാട് വടകരമുക്കിലെ കാരവളി മാർക്കറ്റിങ് ഐസ്ക്രീം ഗോഡൗണില്‍ കവർച്ച നടന്നത്. ഇവിടെനിന്ന് 70,000 രൂപയാണ് കവർന്നത്. ഇവിടുത്തെ സി.സി.ടി.വി.യിലും മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിരുന്നു. രണ്ടിടത്തേയും ദൃശ്യങ്ങള്‍ അന്വേഷണത്തിന് സഹായകമായി.
