നിതിന്‍ രാജിന്‍റെ മരണം: കേരളത്തില്‍ നാളെ ഹര്‍ത്താല്‍; രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹർത്താല്‍, സ്വകാര്യ വാഹനങ്ങള്‍ തടയുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജ്ന്റെ മരണത്തില്‍ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ സംസ്ഥാനവ്യാപക ഹർത്താല്‍.

 

രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹർത്താല്‍. ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഹർത്താലിന് പൗരസമൂഹം ഉള്‍പ്പെടെ അറുപതോളം സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും ജാതീയ അധിക്ഷേപവും ക്യാമ്പസ് ഹരാസ്മെന്റും മൂലമുണ്ടായ സംഭവമാണെന്നുമാണ് ആക്ഷൻ കൗണ്‍സില്‍ വ്യക്തമാക്കുന്നത്. അധ്യാപകരായ ഡോ. എം.കെ. റാം ഉള്‍പ്പെടെയുള്ള ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യുക, രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കുക, കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങള്‍.

 

 

 

 

 

 

 

 

 

 

 

 

 

ഹർത്താല്‍ ബന്ദായി മാറുമെന്നും റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയുമെന്നും ആക്ഷൻ കൗണ്‍സില്‍ ജില്ലാ കണ്‍വീനർ സുനില്‍ കൊയിലേരിയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാപാരികള്‍ കടകമ്പോളങ്ങള്‍ അടച്ച്‌ പൂർണ സഹകരണം നല്‍കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. അവശ്യ സേവനങ്ങള്‍ ഹർത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

 

 

കേരള പിന്നാക്ക സമുദായ മുന്നണി (കെപിഎസ്‌എം) ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സ്വതന്ത്ര ഏജൻസിക്ക് കൈമാറണം. ക്യാമ്പസ് കൊലപാതകങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമായാണ് ഈ ഹർത്താല്‍ മുന്നോട്ടുവെക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

അതേസമയം, നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയാണ് ഇരുവരുടേയും ജാമ്യാപേക്ഷ പരിഗണിച്ചത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള ഗൗരവമേറിയ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.