തിരുവഞ്ചൂരില്‍ ഇനി ‘പാല്‍പ്പുഴ’; ക്ഷീരവ്യവസായ സഹകരണ സംഘത്തില്‍ മില്‍ക്ക് എ.ടി.എം. പ്രവര്‍ത്തനം ആരംഭിച്ചു

കോട്ടയം: തിരുവഞ്ചൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തില്‍ മില്‍ക്ക് എ.ടി.എം. പ്രവര്‍ത്തനം ആരംഭിച്ചു.

സംഘം അങ്കണത്തില്‍ രാവിലെ 9.30 ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു.

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് തിരുവഞ്ചൂര്‍ ക്ഷീരസംഘത്തില്‍ മില്‍ക്ക് എ.ടി.എം. സ്ഥാപിക്കുന്നത്. സംഘത്തിലെ കര്‍ഷകരില്‍ നിന്നു സംഭരിക്കുന്ന പശുവില്‍ പാല്‍ ഗുണനിലവാര പരിശോധന നടത്തിയാണ് ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനിലൂടെ വില്‍പ്പനയ്ക്കു സജ്ജമാക്കുന്നത്.

200 ലിറ്റര്‍ സംഭരണശേഷിയുള്ളതാണ് ശീതീകരണ സംഭരണി. ദിവസം രണ്ടുനേരം പാല്‍ നിറയ്ക്കും. ഈ സംവിധാനത്തിലൂടെ നാടന്‍പാല്‍ 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.