തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടില്‍ ഗുഡ്സ് ട്രെയിൻ പാളംതെറ്റി അപകടം; ട്രെയിൻ‌ സര്‍വീസുകള്‍ തടസപ്പെട്ടു.

 

ചെന്നൈ:തൂത്തുക്കുടിയില്‍ നിന്ന് ചെന്നൈ ഹാര്‍ബറിലേക്ക് പോവുകയായിരുന്ന ട്രെയിനിന്‍റെ പത്ത് കോച്ചുകളാണ് ഇന്നു പുലര്‍ച്ചെ പാളംതെറ്റിയത്.38 കോച്ചുകളുള്ള ട്രെയിനില്‍ ഇരുമ്പയിര്, ലോഹത്തകിടുകള്‍, ഇരുമ്പ് കമ്പികൾ എന്നിവയാണുണ്ടായിരുന്നത്. പാളം തെറ്റുന്നതിനിടെ മെറ്റല്‍ ചരക്കുകള്‍ മറിഞ്ഞതിനാല്‍ റെയില്‍ ട്രാക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

റെയില്‍വേ അധികൃതര്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്, അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അര്‍ധരാത്രി ആയതിനാല്‍ അധികം ട്രെയിൻ സര്‍വീസുകള്‍ ഇതുവഴി ഉണ്ടായിരുന്നില്ല.അതേസമയം, ഇതുവഴിയുള്ള എക്‌സ്‌പ്രസ് ട്രെയിൻ സര്‍വീസുകളെ അപകടം ബാധിച്ചു. സംഭവത്തെത്തുടര്‍ന്ന് തെക്കൻ ജില്ലകളില്‍ നിന്നുള്ള ഇരുപതിലധികം എക്‌സ്‌പ്രസ് ട്രെയിനുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു.

രാമേശ്വരം, തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്ന് ചെന്നൈയിലേക്കുള്ള എക്സ്പ്രസ് ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ചെന്നൈയിലേക്കുള്ള സബര്‍ബൻ ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ നൂറുകണക്കിന് ഓഫീസ് ജീവനക്കാരും സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും ചെങ്കല്‍പേട്ട് റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങി.