കോട്ടയം: ലഹരിക്കടിമയായ യുവാവ് ജീവനൊടുക്കാൻ കിണറ്റിൽ ചാടി. രക്ഷിക്കാനിറങ്ങിയ എസ്ഐയുമായി യുവാവ് വെള്ളത്തിലേക്കു മുങ്ങി. ഒന്നരയാൾ താഴ്‌ചയിൽ വെള്ളമുള്ള കിണറ്റിൽനിന്ന് ഒടുവിൽ യുവാവിനെ വാകത്താനം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആൻ്റണി മൈക്കിൾ സാഹസികമായി രക്ഷപ്പെടുത്തി.
ശനിയാഴ്‌ച പുലർച്ചെ 3.10നു തോട്ടക്കാടിനു സമീപം പാറപ്പാട്ടാണു സംഭവം. അമിത മദ്യപാനത്തെത്തുടർന്നു മാനസികനില തെറ്റിയാണു യുവാവ് കിണറ്റിൽ ചാടിയതെന്നു പൊലീസ് പറഞ്ഞു. യുവാവിനെ രക്ഷപ്പെടുത്താൻ നാട്ടുകാർ കിണറ്റിലേക്ക് ഏണിയിറക്കി നൽകി. യുവാവ് ഏണിയിൽ കയറി. ഇതിനിടെ ഏണിയിലുണ്ടായിരുന്ന കയറിൽ തൂങ്ങാനും ശ്രമിച്ചു.
വിവരമറിഞ്ഞെത്തിയ പൊലീസ് യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. യുവാവ് കഴുത്തിൽ കുരുക്കിട്ടതോടെ എസ്.ഐ ആന്റണി മൈക്കിൾ കിണറ്റിലിറങ്ങി കുരുക്കു മുറിച്ചുമാറ്റി. ജീവനൊടുക്കണമെന്ന ലക്ഷ്യത്തോടെ യുവാവ് ഏണിയിൽനിന്ന് ആന്റണിയുമായി വെള്ളത്തിലേക്കു ചാടുകയായിരുന്നു.
കിണറ്റിലെ വെള്ളത്തിൽ ഇരുവരും മുങ്ങി. ആൻ്റണി യുവാവിനെ ചേർത്തുപിടിച്ചു സർവശക്തിയുമെടുത്തു മുകളിലേക്ക് ഉയർന്നു. നാട്ടുകാർ കൂടി ചേർന്ന് ഇരുവരെയും കരയ്ക്കു കയറ്റി. യുവാവിനു പ്രഥമശുശ്രൂഷ നൽകി. അപകടമൊന്നും സംഭവിക്കാതെ യുവാവിനെ പുറത്തെടുക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് ആന്റണിയും വാകത്താനത്തെ പൊലീസ് ഉദ്യോഗസ്‌ഥരും.
