താമരശ്ശേരി ചുരത്തില്‍ വാനിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മതിലില്‍ ഇടിച്ചു കയറി; അപകടത്തില്‍ പരിക്കേറ്റത് അഞ്ച് പേര്‍ക്ക്

കോഴിക്കോട്: സ്കൂള്‍ വാനിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുണ്ടായ അപകടത്തില്‍ അഞ്ച് പേർക്ക് പരിക്ക്.

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ടോടെയാണ് അപകടം ഉണ്ടായത്.
സ്കൂള്‍ വാനിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ റോഡിന്‍റെ ഒരു വശത്തായുള്ള മതിലില്‍ ഇടിച്ചുകയറുകയായിരുന്നു.

മതിലില്‍ ഇടിച്ചുനിന്നതിനാല്‍ വലിയ അപകടമൊഴിവായത്.
ഒന്നാം വളവിന് താഴെയാണ് അപകടമുണ്ടായത്.

മലപ്പുറം വേങ്ങരയിലെ കെആർഎച്ച്‌എസ് സ്കൂളിലെ അധ്യാപകരും, ജീവനക്കാരും, അവരുടെ കുട്ടികളും സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്. വയനാട്ടില്‍ നിന്ന് മടങ്ങുവഴിയായിരുന്നു സംഭവം.

അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടേയും പരിക്ക് ഗുരുതരമല്ല.