തിരുവനന്തപുരം: അമ്മത്തൊട്ടിലില്‍ തിങ്കളാഴ്ച രാത്രി ആറ് ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെ ലഭിച്ചു.
രാത്രി 7.45ന് ആണ് കുട്ടിയെ ലഭിച്ചത്.
കുഞ്ഞിന് ജോനാഥന്‍ എന്ന പേര് നല്‍കിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി അറിയിച്ചു.
ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടു പോയ കുഞ്ഞിന്റെ സഹോദരന്റെ പേരാണ് ജോനാഥൻ. സംഭവത്തില്‍ ഒന്നാമത്തെ ഹീറോ കുട്ടിയുടെ സഹോദരൻ ജോനാഥൻ ആയിരുന്നു.
ഇരു കാലുകളും റോഡിലുരഞ്ഞ് കാറില്‍ തൂങ്ങിക്കിടക്കുമ്ബോഴും ആറു വയസ്സുകാരിയായ പെങ്ങളെ രക്ഷിക്കാൻ ശ്രമിച്ച പത്തു വയസ്സുകാരൻറെ പേര് ക്രിസ്മസ് പുതുവത്സര ആഘോഷ നാളുകളില്‍ കുഞ്ഞിന് നല്‍കുകയായിരുന്നു എന്ന് ശിശുക്ഷേമ സമിതി അധികൃതര്‍ പറഞ്ഞു. തൻറെ ഇടതു കൈപിടിച്ചു നടന്ന കുഞ്ഞു പെങ്ങളെ സംരക്ഷിക്കാൻ ജോനാഥൻ നടത്തിയ പോരാട്ടം വിഫലമായെങ്കിലും വലതുകൈയില്‍ സൂക്ഷിച്ചിരുന്ന വടികൊണ്ടുള്ള ചെറുത്തു നില്‍പ്പ് കേരള സമൂഹം ഒന്നാകെ നൊമ്പരപ്പെടുത്തലിനിടയിലും അഭിമാനം കൊണ്ടു.
ഒരിക്കലും പ്രതീക്ഷിക്കാത്ത ചെറുത്തു നില്‍പ്പാണ് കുട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പ്രതികള്‍ വരെ സമ്മതിച്ചിട്ടുള്ളതായി പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ജോനാഥനുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആദരം ഇതുവഴി രേഖപ്പെടുത്തുകയാണെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.
