മുംബൈ: ട്യൂഷൻ അധ്യാപകന്റെ അടിയേറ്റ ഒൻപതു വയസുകാരി ഗുരുതരാവസ്ഥയില്‍. കുട്ടിയുടെ ചെകിട്ടത്ത് രണ്ടു പ്രാവശ്യമാണ് അധ്യാപകൻ ആഞ്ഞടിച്ചത്.
അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയ്ക്ക് മാരകമായി ക്ഷതമേല്‍ക്കുകയായിരുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. മുംബൈയ്ക്ക് അടുത്തുള്ള നല്ലസോപാറ നഗരത്തിലാണ് സംഭവം നടന്നത്.
ക്ലാസില്‍ കുട്ടി കുസൃതി കാട്ടിയതിനെ തുടർന്നാണ് 20കാരനായ അധ്യാപകൻ രത്നസിംഗ് കുട്ടിയെ കവിളത്ത് അടിച്ചതെന്ന് പോലീസ് പറഞ്ഞു. അടിയില്‍ കുട്ടിയുടെ കമ്മലുകള്‍ കവിളത്ത് തുളച്ചുകയറി.
അത്രത്തോളം ശക്തിയിലാണ് കുട്ടിയെ അടിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഒക്ടോബർ അഞ്ചിനാണ് കുട്ടിയെ അധ്യാപകൻ അടിക്കുന്നത്. ഒരാഴ്ച മുൻപാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒൻപതു ദിവസമായി കുട്ടി വെന്റിലേറ്ററിലാണ്.
കുട്ടിയുടെ ചെവിയുടെ ഭാഗത്തായാണ് അടി കിട്ടിയത്. ഇതിനുപിന്നാലെ കേള്‍വി കുറവ് ഉണ്ടായി. പിന്നീടാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയത്. ആദ്യം ചികിത്സ തേടിയ ചെറിയ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം കുട്ടിയെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ട്യൂഷൻ അധ്യാപകനെതിരെ കേസ് എടുത്തിട്ടുണ്ട്.
