ന്യൂഡല്‍ഹി: ലോകസഭ അംഗമായി മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി എംപി.
കൃഷ്ണാ…ഗുരുവായൂരപ്പാ എന്ന് നാമം ജപിച്ചുകൊണ്ടാണ് സുരേഷ് ഗോപി പീഠത്തിലേക്ക് കയറിയത്. മലയാളത്തില്‍ ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. ബി.ജെ.പിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോകസഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്‍ക്കാരില്‍ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും നോക്കി കൈക്കൂപ്പിയാണ് സീറ്റിലേക്ക് മടങ്ങിയത്. പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും സഹമന്ത്രിമാര്‍ക്കും ശേഷമാണ് സംസ്ഥാനങ്ങള്‍ അനുസരിച്ച് എം.പിമാരുടെ സത്യപ്രതിജ്ഞ നടക്കുക.
കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നാലിനായിരിക്കും ആരംഭിക്കുക. പതിനെട്ടാം ലോകസഭയുടെ ആദ്യ സമ്മേളനത്തില്‍ ഇന്നും നാളെയുമായി എംപിമാരുടെ സത്യപ്രതിജ്ഞയായിരിക്കും നടക്കുക.
