ഭർതൃവീടുകളില്‍ ഭാര്യമാർ നേരിടുന്ന പീഡനങ്ങള്‍ ഇനിയെങ്കിലും അവസാനിക്കണം; കർശനമായ സന്ദേശം നല്‍കി സുപ്രിംകോടതി

ഡല്‍ഹി: ഭർതൃവീടുകളില്‍ ഭാര്യമാർ നേരിടുന്ന പീഡനങ്ങള്‍ ഇനിയെങ്കിലും അവസാനിക്കണമെന്ന കർശനമായ സന്ദേശം നല്‍കി സുപ്രിംകോടതി.

 

ഛത്തീസ്ഗഢിലെ ഭർതൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസ് പരിഗണിക്കവെ, വെള്ളിയാഴ്ചയായിരുന്നു പരമോന്നത കോടതിയുടെ നിർണായക ഇടപെടല്‍. ഭോപ്പാലില്‍ വിവാഹം കഴിഞ്ഞ് അഞ്ചു മാസത്തിനുള്ളില്‍ ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 33-കാരി ട്വിഷാ ശർമയുടെ കേസ് രാജ്യവ്യാപകമായി ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ ഈ കടുത്ത പരാമർശങ്ങള്‍ വരുന്നത്. മാനസിക പീഡനവും സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനവുമാണ് ട്വിഷയുടെ മരണത്തിന് കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

 

 

 

 

വിവാഹശേഷം വധുവിനോടും കുടുംബത്തോടും കാണിക്കുന്ന മോശം പെരുമാറ്റത്തെ കോടതി രൂക്ഷമായി വിമർശിച്ചു. ”എന്തിനാണ് യുവാക്കള്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചുകൊണ്ടുവന്ന ശേഷം അവരെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്നത്? വധുവിനെയും കുടുംബത്തെയും ഇത്തരത്തില്‍ നിരന്തരം അപമാനിച്ചുകൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ലെന്ന ശക്തമായ സന്ദേശം സമൂഹത്തിന് നല്‍കേണ്ടതുണ്ട്”- കോടതി പറഞ്ഞു.

 

 

 

 

2010-ലായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിനുള്ളില്‍ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പണവും കാറും ഉള്‍പ്പെടെയുള്ള സ്ത്രീധന ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഭർത്താവും കുടുംബവും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി വധുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർച്ചയായ സ്ത്രീധന പീഡനങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് വിചാരണ കോടതി കണ്ടെത്തുകയും ചെയ്തിരുന്നു.

 

 

 

 

ഭർത്താവിന്റെ കുടുംബാംഗങ്ങളെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, ക്രൂരതയും പീഡനവും തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കോടതി ശിക്ഷിച്ചിരുന്നു. ഈ വിധി പിന്നീട് ഛത്തീസ്ഗഢ് ഹൈക്കോടതിയും ശരിവെക്കുകയുണ്ടായി.

 

 

 

 

തനിക്കെതിരെ സെക്ഷൻ 498എ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും പ്രതിഭാഗം സുപ്രിംകോടതിയില്‍ വാദിച്ചു. എന്നാല്‍, നിങ്ങള്‍ക്കെതിരെ 498എ മാത്രമാണ് ചുമത്തിയതെന്നും മൂന്ന് വർഷം മാത്രമേ ശിക്ഷയുള്ളൂ എന്നതിലും നിങ്ങള്‍ സന്തോഷിക്കുകയാണ് വേണ്ടത് എന്ന് ജസ്റ്റിസ് നാഗരത്‌ന ഇതിന് മറുപടിയായി പറഞ്ഞു.

 

 

 

 

വിവാഹ വീടുകളില്‍ നടക്കുന്ന സാമ്പത്തിക ചൂഷണത്തിന്റെ ഭയാനകമായ അവസ്ഥയെക്കുറിച്ചും ജസ്റ്റിസ് നാഗരത്‌ന പരാമർശിച്ചു. ”വധുവിനെയും അവളുടെ കുടുംബത്തെയും പരമാവധി പിഴിഞ്ഞെടുക്കുകയാണ് ലക്ഷ്യം. ഭർത്താവിന്റെ കുടുംബം എന്താണ് അവരോട് പറഞ്ഞത്? നിങ്ങള്‍ ഭിക്ഷക്കാരാണ്, പണം തരാൻ കഴിയില്ല എന്നല്ലേ? തങ്ങളുടെ മകളുടെ ജീവിതം രക്ഷിക്കാൻ പെണ്‍കുട്ടിയുടെ കുടുംബം യാചിക്കുമ്പോള്‍ അവരെ ഭിക്ഷക്കാരെന്ന് വിളിച്ച്‌ ആക്ഷേപിക്കുകയായിരുന്നു”- കോടതി ചൂണ്ടിക്കാട്ടി.

 

 

 

 

പ്രതിഭാഗം അഭിഭാഷകൻ ഇതിന് മറുപടി നല്‍കാൻ ശ്രമിച്ചപ്പോള്‍ ജഡ്ജി ഇടപെട്ടു തടഞ്ഞു. നിങ്ങള്‍ മിണ്ടാതിരിക്കുന്നതായിരുന്നു നല്ലത്. വധുവിന്റെ പിതാവ് തങ്ങള്‍ക്ക് 60,000 രൂപ തരാൻ കഴിയുമെന്ന് പറഞ്ഞിട്ടും നിങ്ങള്‍ അവരെ ഭിക്ഷക്കാരെന്ന് വിളിച്ചോ? എന്ന് കോടതി ചോദിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകി എന്ന പ്രതിഭാഗത്തിന്റെ വാദവും സുപ്രിംകോടതി തള്ളി. നമ്മുടെ നാട്ടില്‍ വധുക്കള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന സന്ദേശം ഈ വിധിയിലൂടെ സമൂഹത്തിന് ലഭിക്കട്ടെ എന്ന് കോടതി പറഞ്ഞു. വിദ്യാസമ്പന്നരായ ആളുകള്‍ക്കിടയില്‍ പോലും ഇത്തരം ക്രൂരതകള്‍ സാധാരണമായി മാറുന്നതിലെ ആശങ്കയും ജസ്റ്റിസ് ഭുയാൻ പങ്കുവെച്ചു.