സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താത്തതിനെത്തുടർന്ന് മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത് സപ്ലൈകോ

തിരുവനന്തപുരം: സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താത്തതിന് പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാരെ സപ്ലൈകോ സസ്‌പെൻഡ് ചെയ്തു.

 

ഫെബ്രുവരി മാസത്തെ വില്‍പ്പനയ്ക്കായി സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കാൻ ജനുവരി മാസത്തില്‍ കേന്ദ്ര കാര്യാലയത്തില്‍ നിന്ന് ഡിപ്പോകളിലേക്ക് ആവശ്യപ്പെട്ടിരുന്നു , പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാർ വിവിധ സബ്സിഡി സാധനങ്ങള്‍ക്ക് ആവശ്യകത ഇല്ല എന്നാണ് അറിയിച്ചിരുന്നത്.

 

എന്നാല്‍ ഫെബ്രുവരിയില്‍ മേല്‍പ്പറഞ്ഞ ഡിപ്പോകളില്‍ സാധനങ്ങള്‍ സ്റ്റോക്ക് ഇല്ലാതെ ആവുകയും പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി.

 

 

 

പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളില്‍ ചെറുപയർ, മല്ലി , മുളക് തുടങ്ങി 5 സബ്സിഡി സാധനങ്ങള്‍ വീതവും മാവേലിക്കര ഡിപ്പോയില്‍ 8 സാധനങ്ങളുമാണ് സ്റ്റോക്ക് ഇല്ലാതെ വന്നത്.

 

മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് ആർ പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എ. സനിതകുമാരി എന്നിവരെയാണ് നിരുത്തരവാദപരമായി കൃത്യനിർവഹണത്തില്‍ വീഴ്ച വരുത്തിയതിന് സപ്ലൈകോ അഡീഷണല്‍ ജനറല്‍ മാനേജർ (പേഴ്സണല്‍ ആൻഡ് അഡ്മിനിസ്‌ട്രേഷൻ) പുറത്തിറക്കിയ ഉത്തരവ് പ്രകാരം സസ്‌പെൻഡ് ചെയ്തത്.