വിമാനയാത്രക്കിടെ ഹൃദയാഘാതം; പറവൂർ സ്വദേശിക്ക് ദാരുണാന്ത്യം

കൊച്ചി: വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച്‌ പറവൂർ സ്വദേശിക്ക് ദാരുണാന്ത്യം. അവധി കഴിഞ്ഞ് നാട്ടിൽനിന്ന് മടങ്ങുന്നതിനിടെയാണ് സംഭവം.

 

പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ട് പുറത്ത് മെബിൻ ടോമി (24) മരിച്ചു. സ്ലൊവീനിയയില്‍ ജോലി ചെയ്തിരുന്ന മെബിൻ അവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങുകയായിരുന്നു. തിങ്കളാഴ്ച ഒമാൻ എയർപോർട്ടില്‍ നിന്ന് വിമാനം ഉയർന്ന് പൊങ്ങുന്നതിനിടെ മെബിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വിമാനം അടിയന്തരമായി തിരിച്ചിറക്കി. വേഗം ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

 

വൈകാതെ കാണാമെന്ന് പറഞ്ഞ് മടങ്ങിയ മെബിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും നാട്ടുകാരെയും സുഹൃത്തുകളെയും സങ്കടത്തിലാഴ്ത്തി. ടോമി വിൻസെന്റിന്റെയും മേരി നിമ്മിയുടെയും മകനാണ് മെബിൻ.