കൊച്ചി: സൂപ്പർമാർക്കറ്റിലെ സോഫ്റ്റ് വെയറില്‍ തിരിമറി നടത്തി 20 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍.
എറണാകുളത്തെ ഫ്ളാറ്റ് സമുച്ചയമായ അബാദ് മറൈൻ പ്ലാസിലെ സൂപ്പർമാർക്കിലാണ് യുവാവ് രണ്ടു വർഷമായി തട്ടിപ്പ് നടത്തി വന്നത്.
തട്ടിപ്പ് മനസ്സിലാക്കിയെന്നറിഞ്ഞതോടെ തമിഴ് നാട്ടിലേക്ക് കടന്ന് കളഞ്ഞ ഇയാളെ 5 മാസങ്ങള്‍ക്കിപ്പുറം ഇന്നലെയാണ് സെൻട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് സ്വദേശിയായ നാഗരാജൻ എറണാകുളം കടവന്ത്രയില്‍ താമസിച്ചു വരുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണിലായിരുന്നു സംഭവം.
‘മിസ് ക്വിക്ക് കണ്‍വീനിയൻസ് സ്റ്റോർ’ നടത്തിപ്പുകാരന്റെ പരാതിയിലാണ് അറസ്റ്റ്. സ്ഥാപനം ആരംഭിച്ചത് മുതല്‍ നാഗരാജ് ജോലിചെയ്യുന്നുണ്ട്. പണമിടപാടും മറ്റും കണ്ടുപഠിച്ച് ഇയാള്‍ സോഫ്റ്റ് വെയറില്‍ ക്യാഷ് സെയില്‍ എന്നതിന് പകരം ക്രെഡിറ്റ് സെയിലെന്ന് എഴുതിച്ചേർക്കുകയായിരുന്നു.
സോഫ്റ്റ് വെയറില്‍ കണക്കുകള്‍ തന്ത്രപരമായി മായ്‌ച്ചെങ്കിലും കള്ളത്തരമെല്ലാം സി.സി ടിവിയില്‍ പതിഞ്ഞു. സാമ്പത്തിക ഇടപാടില്‍ സംശയം തോന്നിയ സ്ഥാപന നടത്തിപ്പുകാരൻ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് നാഗരാജ് സോഫ്റ്റ് വെയറില്‍ കൃത്രിമം നടത്തുന്നതായി കണ്ടെത്തിയത്. ഉടൻ പൊലീസില്‍ പരാതി നല്‍കി.
