സരിന്റെ ബൂത്തില്‍ യന്ത്രത്തകരാര്‍; പോളിംഗ് ഒരു മണിക്കൂർ വൈകി; വോട്ട് ചെയ്യാതെ സരിൻ മടങ്ങി; സാങ്കേതിക പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചു

പാലക്കാട്: പാലക്കാട് 88ാം നമ്പർ ബൂത്തില്‍ വിവി പാറ്റില്‍ സാങ്കേതിക പ്രശ്നത്തെ തുടർന്ന് പോളിംഗ് ഒരു മണിക്കൂർ വൈകി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനും ഭാര്യ സൗമ്യ സരിനും വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ് സാങ്കേതിക പ്രശ്നമുണ്ടായത്. സരിന്‍ വോട്ട് ചെയ്യാതെ മടങ്ങിപ്പോകുകയാണുണ്ടായത്. വിവി പാറ്റ് ഡിസ്പ്ലേയിലെ സാങ്കേതിക പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് ആരംഭിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചിരുന്നു. ഇതോടെ 184 ബൂത്തുകളിലും പോളിംഗ് ആരംഭിച്ചിരിക്കുകയാണ്. രാവിലെ 7 മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. ബൂത്തുകളിലെല്ലാം നീണ്ട നിരയാണ് കാണപ്പെട്ടത്. രാവിലെ 6 മണി മുതല്‍ ബൂത്തുകളില്‍ ആളുകള്‍ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു.

ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ കല്‍പാത്തി ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎയ്ക്ക് അനുകൂലമായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് കൃഷ്ണകുമാര്‍ പ്രതികരിച്ചു. പാലക്കാട്ടെ ജനങ്ങളുടെ മനസ് തനിക്കൊപ്പമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ പറഞ്ഞു.

മികച്ച ഭൂരിപക്ഷം നേടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു. വോട്ടെടുപ്പ് ആരംഭിച്ച്‌ 2 മണിക്കൂര്‍ പിന്നിടുമ്പോള്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്.