കോട്ടയം: നമ്മളില്‍ പലരും സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ കണ്ണിന്റെ സംരക്ഷണത്തേക്കാള്‍ കൂടുതല്‍ ഫാഷൻ എന്ന രീതിയിലാണ് പലരുടെയും ഉപയോഗം.
ഇത് ശരിയായ രീതിയിലല്ല. ഇത്തരത്തിലുള്ള കണ്ണടകള്‍ ഒരിക്കലും കണ്ണിനെ സംരക്ഷിക്കുകയില്ല. ചണ്ഡീഗഡിലെ പി.ജി.ഐ അഡ്വാൻസ്ഡ് ഐ സെന്ററിലെ പ്രൊഫസർ ഡോ. വിശാലി ഗുപ്തയുടെ അഭിപ്രായത്തില്‍ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കാത്ത സണ്‍ഗ്ലാസുകള്‍ സണ്‍സ്‌ക്രീൻ ഉപയോഗിക്കുന്നത് പോലെയാണ്.
നിങ്ങളുടെ സണ്‍ഗ്ലാസുകള്‍ സൂര്യന്റെ ദോഷകരമായ അള്‍ട്രാവയലറ്റ് (യു.വി) രശ്മികളില്‍ നിന്ന് 100 ശതമാനം സംരക്ഷണം നല്‍കണം. പൂർണ സംരക്ഷണം ഉറപ്പാക്കാനും സൂര്യതാപം, മുഖത്തെ ചുളിവുകള്‍, തിമിരം എന്നിവ തടയാൻ ശേഷിയുള്ള യു.വി400 ലേബലുള്ള ഒരു സണ്‍ഗ്ലാസ് വാങ്ങുക. പോളറൈസ്ഡ് ലെൻസുകള്‍ തിളക്കം കുറക്കുമെങ്കിലും അവ സ്വന്തമായി യു.വി സംരക്ഷണം നല്‍കുന്നില്ലായെന്ന് വിശാലി ഗുപ്ത പറഞ്ഞു.
എന്താണ് യു.വി ലൈറ്റ്?
മനുഷ്യന്റെ കണ്ണിന് അദൃശ്യമായ വളരെ ഹ്രസ്വ-തരംഗദൈർഘ്യമുള്ള വൈദ്യുതകാന്തിക വികിരണമാണ് യു.വി രശ്മികള്‍. ഇത് എ, ബി, സി എന്നിങ്ങനെ മൂന്ന് തരത്തിലാണ്. ഇവ കണ്ണിലേക്ക് പ്രവേശിക്കുക വഴി കാഴ്ചയെ ബാധിക്കും. യു.വി ലൈറ്റ് ചർമത്തില്‍ ചുളിവുകള്‍ ഉണ്ടാക്കുകയും കണ്ണിന് ചുറ്റുമുള്ള ഭാഗത്ത് ചർമ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. കൂടാതെ യു.വി ലൈറ്റുകള്‍ തിമിരത്തിനും കാരണമാകും.
സണ്‍ഗ്ലാസുകള്‍ എങ്ങനെ തെരഞ്ഞെടുക്കാം?
ശരിയായ തരത്തിലുള്ള സണ്‍ഗ്ലാസുകള്‍ തെരഞ്ഞെടുക്കുമ്ബോള്‍ യു.വി.എ, യു.വി.ബി എന്നിവയില്‍ നിന്ന് ഏകദേശം 100 ശതമാനം സംരക്ഷണം നല്‍കുന്ന യു.വി400 റേറ്റിങ് ഉള്ളവയ്ക്ക് പ്രാധാന്യം നല്‍കുക. കൂടാതെ, ഗുണനിലവാരത്തിന് പുറമെ ശരിയായ രീതിയില്‍ ഫിറ്റ് ചെയ്യുന്ന സണ്‍ഗ്ലാസുകള്‍ തെരഞ്ഞെടുക്കുക. അത് കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചർമ്മത്തേയും സംരക്ഷിക്കും.
ഏതൊക്കെ ലെൻസ് കളറുകള്‍ക്ക് മുൻഗണന നല്‍കാം?
കണ്ണുകള്‍ക്ക് ഏറ്റവും അനുയോജ്യം തവിട്ട് നിറവും ആമ്ബർ (മഞ്ഞ/ഓറഞ്ച് ഷേഡ്) നിറത്തിലുള്ള ലെൻസുകളാണ്. അവ കൂടുതലായി യു.വി ലൈറ്റുകളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കും. കൂടാതെ ആകാശത്ത് നിന്നുള്ള തിളക്കം കുറയ്ക്കാൻ സിംഗിള്‍ ഗ്രേഡിയന്റ് ലെൻസുകള്‍ക്ക് (മുകളില്‍ ഇരുണ്ടതും താഴെ ഇരുട്ട് കുറഞ്ഞതുമായ) കഴിയും. ഇത്തരം ലെൻസുകള്‍ വ്യക്തമായി കാണാൻ നിങ്ങളെ സഹായിക്കും. കൂടാതെ ‘ആന്റി- റിഫ്ലെക്റ്റീവ്, മിറർ കോട്ടിങ്’ എന്നിവ ഉപയോഗിച്ചാല്‍ ലെൻസിന്റെ തിളക്കം കുറയ്ക്കാൻ സാധിക്കും.
