തെലുങ്കാനയില്‍ ഇന്റര്‍ വിദ്യാര്‍ഥി കോളേജ് അധികൃതരുടെ സമ്മര്‍ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തു; വൈഭവ് ആണ് മരിച്ചത്.

 

സ്വന്തം ലേഖകൻ

 

തെലുങ്കാന : കോളജ് അധികൃതരുടെ സമ്മര്‍ദം താങ്ങാനാവാതെ തെലങ്കാനയില്‍ ഇന്റര്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. വൈഭവ് ആണ് മരിച്ചത്.

 

വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. കോളജില്‍ നിന്നുള്ള സമ്മര്‍ദവും അധികൃതരില്‍ നിന്നുള്ള പീഡനവും സഹിക്കാൻ കഴിയാതെയാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്ന് മീര്‍പേട്ട് പൊലീസ് പറഞ്ഞു.

കൂടുതല്‍ മാര്‍ക്ക് വാങ്ങാൻ കോളജ് അധികൃതരും പ്രത്യേകിച്ച്‌ പ്രിൻസിപ്പല്‍, വൈസ് പ്രിൻസിപ്പല്‍, ജൂനിയര്‍ ലക്ചറര്‍ അടക്കം സമ്മര്‍ദത്തിലാക്കുന്നുവെന്ന് കാണിച്ച്‌ വൈഭവ് കത്ത് എഴുതിയിരുന്നു. തന്റെ സഹോദരനെ അതേ കോളജിലേക്ക് അയക്കരുതെന്ന് മാതാപിതാക്കളോട് വൈഭവ് ആവശ്യപ്പെടുകയും വിദ്യാര്‍ഥികളില്‍ സമ്മര്‍ദം ചെലുത്തരുതെന്ന് കോളജ് അധികൃതരോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്നലെയാണ് തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചിയില്‍ നീറ്റ്‌ പരീക്ഷക്ക് തയാറെടുത്തിരുന്ന വിദ്യാര്‍ഥിനി കീടനാശിനി കഴിച്ച്‌ ആത്മഹത്യ ചെയ്തത്. പഠന സമയത്ത് മാനസികമായി പ്രയാസങ്ങള്‍ നേരിട്ടിരുന്നുവെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. എന്ത് വന്നാലും പഠനം തുടരണമെന്നായിരുന്നു ഞങ്ങള്‍ അവളോട് പറഞ്ഞതെന്നും മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പഠിക്കാനുള്ള ആഗ്രഹമാണ് പലരേയും കോച്ചിങ് സെന്‍ററുകളിലും സ്ഥാപനങ്ങളിലും എത്തിക്കുന്നത്. അവിടെ നേരിടുന്ന കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ താങ്ങാൻ കഴിയാത്തത് കാരണമാണ് വിദ്യാര്‍ഥികള്‍ ആത്മഹത്യക്ക് ശ്രമിക്കുന്നത്.