ആഡംബര ജീവിതത്തിനായി മോഷണം നടത്തി ഇൻസ്റ്റാഗ്രാം താരം; ബന്ധുവിന്റെയും സുഹൃത്തിന്റെയും വീട്ടില്‍ നിന്ന് കവര്‍ന്നത് 17 പവൻ സ്വര്‍ണം; മുബീനയെ കുടുക്കിയത് സിസിടിവി

കടയ്ക്കല്‍: സ്വർണം മോഷ്ടിച്ച യുവതി പിടിയില്‍.

ചിതറയിലെ മുബീന(26)യെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവിന്റെയും സുഹൃത്തിന്റെയും വീടുകളില്‍നിന്ന് 17 പവൻ സ്വർണം ആണ് യുവതി മോഷ്ടിച്ചത്.

ഇൻസ്റ്റഗ്രാമില്‍ ഒട്ടേറെ ഫോളോവേഴ്സുള്ള ആളാണ് ഇവർ.
മുബീനയുടെ ഭർത്തൃസഹോദരി മുനീറയുടെ വീട്ടില്‍നിന്ന്‌ ആറുപവന്റെ താലിമാല, ഒരു പവന്റെ വള, ഒരു പവൻ വീതമുള്ള രണ്ട്‌ കൈച്ചെയിൻ, രണ്ടുഗ്രാം വരുന്ന രണ്ട്‌ കമ്മലുകള്‍ എന്നിവയാണ് മോഷണംപോയത്.

സംഭവം നടന്ന് ദിവസങ്ങള്‍ക്കുശേഷമാണ് സ്വർണം മോഷണം പോയ വിവരം മുനീറ അറിയുന്നത്. തുടർന്ന് വീട്ടിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോള്‍ മുബീന ദിവസങ്ങള്‍ക്കുമുൻപ്‌ മുനീറയുടെ വീട്ടിലെത്തി മടങ്ങിപ്പോകുന്ന ദൃശ്യം ലഭിച്ചു.

പരിശോധന നടത്തിയ ദിവസംവരെ ഇവിടെ മറ്റാരും വന്നിട്ടില്ലെന്നും വ്യക്തമായി. പൂട്ടിയിട്ടിരുന്ന വീട്ടിലെ താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലം അറിയാമായിരുന്ന മുബീന താക്കോലെടുത്ത് മുറിതുറന്ന് മോഷണം നടത്തുകയായിരുന്നു. പിന്നാലെ മുനീറ ചിതറ പോലീസില്‍ പരാതി നല്‍കി. മുബീനയെ സംശയിക്കുന്നതായും അറിയിച്ചു.

ഇതിനുമുൻപ്‌ സമാനമായ മറ്റൊരു സ്വർണമോഷണ പരാതിയും ചിതറ പോലീസിനു ലഭിച്ചിരുന്നു. മുബീനയുടെ സുഹൃത്തായ അമാനി നല്‍കിയ പരാതിയിലും മുബീനയെയാണ് സംശയിച്ചിരുന്നത്. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനയ്ക്കെതിരേ ഭർത്തൃസഹോദരി പരാതി നല്‍കുന്നത്.