പലതവണ പരാതി നൽകിയിട്ടും നടപടിയില്ല; സ്വകാര്യ സ്കൂളിലേക്ക് വിദ്യാർത്ഥികളെ കുത്തിനിറച്ച് കൊണ്ടുവന്ന സ്കൂൾ ബസ് തിരുവനന്തപുരം പെരുമാതുറയിൽ രക്ഷാകർത്താക്കളും നാട്ടുകാരും ചേർന്ന് തടഞ്ഞു

തിരുവനന്തപുരം: സ്വകാര്യ സ്കൂളിലേക്ക് വിദ്യാർത്ഥികളെ കുത്തിനിറച്ച് കൊണ്ടുവന്ന സ്കൂൾ ബസ് തിരുവനന്തപുരം പെരുമാതുറയിൽ നാട്ടുകാർ തടഞ്ഞു. ഇന്ന് രാവിലെ ഒമ്പതരയോടെ പെരുമാതുറയിലായിരുന്നു സംഭവം.

ഒരു വാഹനത്തിൽ അനുവദിക്കാവുന്നതിനേക്കാൾ കൂടുതൽ കുട്ടികളെ കുത്തിനിറച്ചാണ് ബസ്സിൽ കൊണ്ടുവന്നിരുന്നത്. ദിവസങ്ങളായി ഇതേ രീതിയിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ട് പോവുന്നത് ശ്രദ്ധയിൽ വന്നതോടെയാണ് രക്ഷകർത്താക്കൾ അടക്കമുള്ള നാട്ടുകാരുടെ നടപടി.

സ്കൂളിൻ്റെ സമീപനത്തിനെതിരെ രക്ഷകർത്താക്കൾ പിടിഎ കമ്മിറ്റിയിലടക്കം പലതവണ പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ല. തുടർന്നാണ് പുതുക്കുറിച്ചി ഭാഗത്തു നിന്നും ചിറയിൻകീഴ് ശാർക്കരയിലെ സ്കൂളിലേക്ക് പുറപ്പെട്ട ബസ് നാട്ടുകാർ തടഞ്ഞിട്ടത്.

അറുപതോളം പേരെയാണ് ഒരു ബസിൽ കയറ്റിക്കൊണ്ടു പോകുന്നതെന്നും പരാതി പറഞ്ഞാൽ നിഷേധ സമീപനമാണ് മാനേജ്മെൻ്റ് സ്വീകരിക്കുന്നതെന്നുമാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. തുടർന്ന് പൊലീസ് എത്തി അധികൃതരുമായി സംസാരിച്ച് രണ്ട് ബസുകൾ എത്തിച്ച് വിദ്യാർത്ഥികളെ എല്ലാവർക്കും ഇരുന്ന് പോകാനുള്ള സംവിധാനം ഒരുക്കിയ ശേഷമാണ് നാട്ടുകാർ പിരിഞ്ഞുപോയത്.

വിഷയം ചൂണ്ടിക്കാട്ടി ശാർക്കര നോബിൾ സ്കൂളിനെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് രക്ഷിതാക്കൾ.