കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; പരിശോധന നടത്തിയത് നഗരസഭാ ആരോഗ്യ വിഭാഗം; കോട്ടയം നഗരത്തിലെ പല ഹോട്ടലുകളിലും പാചകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ; പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്ത ഹോട്ടലുകൾ ഇവ

കോട്ടയം : നഗരത്തിലെ ഹോട്ടലുകളിൽ പഴകിയ ഭക്ഷണങ്ങൾ വിൽപ്പന നടത്തുന്നതായി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി.

പരിശോധനയ്ക്ക് എത്തിയ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ
പല ഹോട്ടലുകളിലും കണ്ടത്‌ പഴകിയ ഭക്ഷണവും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം ഉണ്ടാക്കുന്നതുമാണ്.

കോട്ടയം നഗരത്തിന് പുറമേ കുമാരനല്ലൂര്‍, നാട്ടകം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ രണ്ട്‌ സ്‌ക്വാഡായി നടത്തിയ പരിശോധനയിലാണ്‌ ക്രമക്കേടുകള്‍ കണ്ടെത്തിയത്‌.
നാഗമ്പടം ബസ്‌ സ്‌റ്റാന്‍ഡിന്‌ സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ റീജെന്‍സിയില്‍ നിന്നും രണ്ടു കിലോയോളം പഴകിയ ബിരിയാണി പിടിച്ചെടുത്തു. കെ.ആര്‍ ബേക്കേഴ്‌സില്‍ നിന്നും പുനരുപയോഗ്യമല്ലാത്ത പേപ്പര്‍ കപ്പ്‌ 500 എണ്ണം പിടിച്ചെടുത്തു. ശക്‌തി ടൂറിസ്‌റ്റ് ഹോം, ടി.ബി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളായ ഇംപീരിയല്‍, ഹോട്ടൽ ബസന്ത്‌, ഹോട്ടൽ പ്ലാസ, ഇന്ത്യന്‍ കോഫി ഹൗസ്‌, കെ കെ റോഡിലെ
ഗ്രാന്റ്‌ അംബാസിഡര്‍
എന്നിവിടങ്ങളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.

ബേക്കര്‍ ജംഗ്ഷനിലെ ഹോട്ടല്‍ ആര്യാസ്‌, നാഗമ്പടത്തെ രമ്യ, സാമ്രാട്ട്‌, സീസര്‍ പാലസ്‌, കെ.എസ്‌.ആര്‍.ടി.സി ക്യാന്റീന്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി.
ഇവിടങ്ങളില്‍ പാകം ചെയ്‌ത് ഫ്രീസറില്‍ സൂക്ഷിച്ച ഭക്ഷണ പദാര്‍ത്ഥം, വൃത്തിഹീനമായ
അടുക്കള, മതിയായ ടോയ്‌ലെറ്റ്‌ സംവിധാനമില്ല, ലൈസന്‍സ്‌ പ്രദര്‍ശിപ്പിച്ചിട്ടില്ല, ഹെല്‍ത്ത്‌ കാര്‍ഡ്‌ ഇല്ല, മാലിന്യങ്ങള്‍ തരംതിരിച്ച്‌ സൂക്ഷിച്ചിട്ടില്ല തുടങ്ങിയ അപാകതകള്‍ കണ്ടെത്തി. അപാകതകള്‍ പരിഹരിക്കുന്നതിന്‌ ഏഴ്‌ ദിവസത്തെ സമയപരിധി അനുവദിച്ച് നോട്ടീസ്‌ നല്‍കി.