വിദ്യാർത്ഥികളുടെ കണ്‍സഷൻ നിരക്ക് കൂട്ടുന്നത് ശരിയല്ല; സർക്കാർ ഇക്കാര്യം പരിശോധിക്കും: മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കണ്‍സഷൻ നിരക്ക് കൂട്ടുന്നത് ശരിയല്ലെന്ന് മന്ത്രി സി പി ജോണ്‍. സർക്കാർ ഇക്കാര്യം പരിശോധിക്കും.

വയനാട്ടിലെ സ്വകാര്യ ബസ് ഉടമകള്‍ വിദ്യാർഥികളുടെ കണ്‍സെഷൻ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഇഷ്ടം പോലെ നിരക്ക് വർദ്ധിപ്പിക്കുന്നത് ശരിയല്ല. വിദ്യാർത്ഥി സംഘടനകളോടെല്ലാം ആലോചിച്ച്‌ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ കഴിയൂ എന്ന് മന്ത്രി വ്യക്തമാക്കി.

 

കെ എസ് ആർ ടി സിയില്‍ സ്ത്രീകള്‍ക്കായുള്ള പ്രിയദർശിനി സൗജന്യ യാത്ര കാരണം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകള്‍ വിദ്യാർഥികളുടെ കണ്‍സെഷനില്‍ കൈവച്ചത്. വിദ്യാർത്ഥികളുടെ മിനിമം ചാർജ് മൂന്ന് രൂപയാക്കാനാണ് തീരുമാനം.

 

മിനിമം ചാർജ് ഒരു രൂപയില്‍ നിന്ന് മൂന്ന് രൂപയാക്കി ഉയർത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ ബസ് ഉടമകള്‍, പ്രിയദർശിനി പദ്ധതി കൂടി നടപ്പായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് പറയുന്നത്. അതേസമയം ബസ് ഉടമകളുടെ ഈ ഏകപക്ഷീയമായ നടപടിക്കെതിരെ വിദ്യാർത്ഥി സംഘടനകള്‍ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. നിരക്ക് വർധന നടപ്പിലാക്കിയാല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് എസ് എഫ് ഐ മുന്നറിയിപ്പ് നല്‍കി.