കൊച്ചി: ഹൈക്കോടതി അഭിഭാഷക നിയമനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ലോയേഴ്സ് കോണ്‍ഗ്രസ്.
ആവശ്യം നേരില്‍ കണ്ട് അറിയിച്ചപ്പോള്‍ മൈൻഡ് ചെയ്യുന്നില്ല എന്ന് പരസ്യമായി പറഞ്ഞുവെന്നും മൂന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ലോയേഴ്സ് കോണ്‍ഗ്രസിൻ്റെ ഏതാനും പ്രതിനിധികളെ മാത്രമാണെന്നുമാണ് പരാതി.
അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് മൂന്ന് പേർ രാജിവച്ചത് ഒഴിച്ചാല്‍ അനർഹർ ഇപ്പോഴും തുടരുന്നുവെന്നാണ് ലോയേഴ്സ് കോണ്‍ഗ്രസിൻ്റെ ആരോപണം. ലോയേഴ്സ് കോണ്‍ഗ്രസിൻ്റെ അഭിഭാഷകർ ഇപ്പോഴും പുറത്ത് നില്‍ക്കുന്നുവെന്നും പരാതിയുണ്ട്.
പരാതി ഉയർന്ന നിയമനങ്ങള്‍ പിൻവലിക്കണമെന്നും ഇല്ലെങ്കില്‍ പട്ടികയില്‍ ഉള്‍പ്പെട്ട അനർഹരുടെ പേര് വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്. ജില്ലാ അഭിഭാഷക നിയമനങ്ങളിലും ആശങ്കയുണ്ടെന്ന് ലോയേഴ്സ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. ലോയേഴ്സ് കോണ്‍ഗ്രസിൻ്റെ പട്ടികയില്‍ നിന്ന് നിയമനം നടത്തണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിലൂടെ നിയമനം നടത്തണം എന്ന ആവശ്യവും ലോയേഴ്സ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിട്ടുണ്ട്.
