‘സിമന്റ് കട്ടകള്‍ അതിഥി തൊഴിലാളികള്‍ ഇറക്കണ്ട, വീട്ടുകാർക്ക് വേണമെങ്കില്‍ ഇറക്കാം’: വീട്ടുമുറ്റത്ത് സിമന്റ് കട്ടകള്‍ ഇറക്കുന്നത് തടഞ്ഞ് സിഐടിയു; ചുമട് ഇറക്കിയത് ഗൃഹനാഥനും ഭാര്യയും ചേര്‍‌ന്ന്

തൃശൂ‍‍ർ: വീട്ടുമുറ്റത്ത് സിമന്റ് കട്ട ഇറക്കുന്നത് തടഞ്ഞ് സിഐടിയുവിന്റെ ചുമട്ടുതൊഴിലാളികള്‍.

അണിചേരിക്കടുത്ത് പാലിശ്ശേരിയില്‍ വിശ്വനാഥന്റെ വീട്ടിലായിരുന്നു സംഭവം. പെട്ടിയോട്ടയില്‍ കൊണ്ടുവന്ന 100 സിമന്റ് കട്ടകള്‍ അതിഥി തൊഴിലാളികള്‍ ഇറക്കുന്നത് സിഐടിയു തൊഴിലാളികള്‍ തടയുകയായിരുന്നു.

‘സിമന്റ് കട്ടകള്‍ അതിഥി തൊഴിലാളികള്‍ ഇറക്കണ്ട, വീട്ടുകാർക്ക് വേണമെങ്കില്‍ ഇറക്കാം’ എന്നായിരുന്നു സിഐടിയു തൊഴിലാളികളുടെ നിലപാട്. ഇതേ തുടർന്ന് വിശ്വനാഥനും ഭാര്യ സംഗീതയും ചേർന്നാണ് സിമന്റ് കട്ടകള്‍ ഇറക്കിവെച്ചത്. കട്ട ഇറക്കി തീരുവോളം സിഐടിയു തൊഴിലാളികള്‍ മതിലിന് പുറത്ത് കാവല്‍ നില്‍ക്കുകയും ചെയ്തു.

വീട്ടിലെ ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് കട്ടകള്‍ എത്തിച്ചതെന്നും സിഐടിയു തൊഴിലാളികള്‍ ഭീഷണിപ്പെടുത്തിയെന്നും വിശ്വനാഥൻ പറഞ്ഞു. തിങ്കളാഴ്ച ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നല്‍കാനൊരുങ്ങുകയാണ് വിശ്വനാഥൻ. ദീർഘകാലമായി വിദേശത്തായിരുന്ന വിശ്വനാഥൻ റിട്ടയ‍‍ർമെന്റിന് ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്.