മാനസികമോ ശരീരികമോ സാമൂഹികമോ !! ഏത് തരത്തിലുള്ള സമ്മര്‍ദം ആയാലും അത് ആര്‍ത്തവ ചക്രത്തെ ബാധിക്കുമോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

കോട്ടയം: മാനസികമോ ശരീരികമോ സാമൂഹികമോ, ഏത് തരത്തിലാണെങ്കിലും സമ്മര്‍ദം ദോഷമാണ്.

ക്രമരഹിതമായ ആർത്തവചക്രം, വേദന, അസ്വസ്ഥത തുടങ്ങിയ അവസ്ഥകളിലേക്ക് വിട്ടുമാറാത്ത സമ്മർദം നയിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 25നു 35നും ഇടയില്‍ പ്രായമായ നിരവധി യുവതികള്‍ നേരിടുന്ന വലിയൊരു പ്രശ്നമാണിത്.

വൈകിയുള്ള ജോലി സമയം, സാമ്പത്തിക ബാധ്യത, ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ തുടങ്ങിയവ വിട്ടുമാറാത്ത സമ്മർദങ്ങള്‍ക്ക് കാരണമാകാം. ക്രമരഹിതമായ ആർത്തവചക്രം, കനത്ത രക്തസ്രാവം, വേദനാജനകമായ ആർത്തവം എന്നിവയുമായി സമ്മർദം ബന്ധപ്പെട്ടിരിക്കുന്നു.

സാധാരണ ആർത്തവചക്രത്തിന്റെ ദൈർഘ്യം 25 മുതല്‍ 35 ദിവസം വരെയാണ്. 25 ദിവസത്തിന് മുൻപോ 35 ദിവസത്തിന് ശേഷമോ വരുന്ന ആർത്തവചക്രം അസാധാരണമാണ്. ഉയർന്ന തോതിലുള്ള സമ്മർദം ആർത്തവചക്രം ചെറുതാകാനും ദീർഘമാകാനും കാരണമാകും.

ഓരോ വ്യക്തിയും സമ്മർദത്തോട് വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. സമ്മർദം ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന് കൃത്യമായ സ്കെയില്‍ ഇല്ല. സമ്മർദം ശരീരത്തില്‍ ഉയർന്ന അളവില്‍ കോർട്ടിസോള്‍ ഉല്‍പാദനത്തിന് കാരണമാകുന്നു. ഇത് ഹോർമോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു.

ഫോളിക്കിളിന്റെയോ അണ്ഡത്തിന്റെയോ ക്രമമായ വളർച്ച ഉണ്ടാകുമ്പോഴാണ് ആർത്തവചക്രം സംഭവിക്കുന്നത്. എന്നാല്‍ സമ്മർദം വർധിക്കുന്നതോടെ തലച്ചോറിലെ ഹൈപ്പോതലാമസില്‍ നിന്ന് പുറത്തുവരുന്ന ചില രാസവസ്തുക്കളുടെ സന്തുലിതാവസ്ഥ അസ്വസ്ഥമാവുകയും ആർത്തവം ക്രമരഹിതമാവുകയും ചെയ്യുന്നു. സമ്മർദം ശരീരത്തിന് അണ്ഡോത്പാദനം വൈകിപ്പിക്കാനോ പൂർണമായും തടസപ്പെടുത്താനോ കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.