കോട്ടയം: ഏറ്റുമാനൂർ പാറോലിക്കലിൽ തീവണ്ടിക്ക് മുന്നിൽ ചാടി അമ്മയും 2 പെൺമക്കളും ജീവനൊടുക്കിയ കേസിൽ ഭർത്താവ് നോബിയെ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങുമ്പോൾ വലിയ അസ്വസ്ഥനായിരുന്നുവെന്ന് വിവരം.
റിമാൻഡിൽ കഴിഞ്ഞിരുന്ന തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെ (44) 3 ദിവസത്തേക്കാണ് ഇന്നലെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടത്. സ്റ്റേഷനിലെ സെല്ലിനുള്ളിൽ പൊട്ടിക്കരയുകയായിരുന്നു നോബി. ഭക്ഷണത്തോടും മറ്റും വലിയ താൽപര്യം കാണിക്കാത്ത നോബി മത്സ്യമാംസാദികൾ ഉപേക്ഷിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞത്.
കടുത്ത കുറ്റബോധത്തിലാണ് നോബിയെന്നും ആദ്യ ഘട്ടത്തിൽ വഴങ്ങാതിരുന്ന നോബി ഇപ്പോൾ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. അവസാനമായി നോബി അയച്ച സന്ദേശം എന്താണെന്നു കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.
കേസിൽ പരമാവധി ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. 3 ദിവസത്തെ കസ്‌റ്റഡി കാലാവധി പൂർത്തിയാകുന്ന 13ന് വൈകുന്നേരം നോബിയെ കോടതിയിൽ ഹാജരാക്കും.
