സംസ്ഥാന സ്കൂള്‍ കലോത്സവം: ആദ്യദിനം 24 വേദികളിലായി പൂര്‍ത്തിയായത് 58 ഇനങ്ങള്‍; കണ്ണൂര്‍ മുന്നില്‍; തൃശ്ശൂര്‍ രണ്ടാമത്

തിരുവനന്തപുരം: തലസ്ഥാന നഗരിയെയാകെ ഉത്സവ ലഹരിയിലാക്കി 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൻ്റെ ആദ്യദിനം 24 വേദികളിലായി 58 ഇനങ്ങളാണ് പൂർത്തിയായയത്.

ആദ്യദിനം പൂർത്തിയാകുമ്പോള്‍ 215 പോയിന്റുമായി കണ്ണൂരാണ് ഒന്നാമത്. 214 പോയിന്റുമായി തൃശൂർ രണ്ടാമതുമുണ്ട്. 213 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമത്. ആലപ്പുഴ തൊട്ട് പിന്നാലെയുണ്ട്.

സംസ്കൃതോത്സവത്തില്‍ 35 പോയിന്റുമായി നാല് ജില്ലകളാണ് മുന്നില്‍. മലപ്പുറം പാലക്കാട് കോഴിക്കോട് കാസർകോട് ജില്ലകളാണ് മുന്നില്‍

33 പോയിന്റുമായി കൊല്ലം തൊട്ട് പിന്നിലുണ്ട്. ആകെയുള്ള 249 മത്സര ഇനങ്ങളില്‍ 58 എണ്ണമാണ് ആദ്യദിനം പൂർത്തിയായത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആദ്യദിനത്തില്‍ 217 അപ്പീലുകളാണ് എത്തിയത്.

എല്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ വഴിയും എത്തിയത് 163 അപ്പീലുകളാണ്. കോടതി വഴി എത്തിയത് 76 അപ്പീലുകളും ബാലാവകാശ കമ്മീഷൻ വഴിയെത്തിയത് ഒരു അപ്പീലുമാണ്.

ഹയർ സെക്കൻഡറി വിഭാഗത്തില്‍ 23, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 22, ‌സംസ്‌കൃതം കലോത്സവത്തില്‍ 7, അറബിക് കലോത്സവത്തില്‍ 6 ഇനങ്ങളുമാണ് പൂർത്തിയായത്. ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിതഗാനം, ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ കഥകളി, ലളിതഗാനം എന്നീ മല്‍സരങ്ങളും ഹയർ സെക്കണ്ടറി പെണ്‍കുട്ടികളുടെ സംഘനൃത്തം, ഭരതനാട്യം മല്‍സരങ്ങളും ഇന്ന് നടന്നു.

ഹയർ സെക്കണ്ടറി വിഭാഗത്തിലെ ഒപ്പന, സംഘഗാനം, ദേശഭക്തിഗാനം, കഥകളി ഗ്രൂപ്പ്, പഞ്ചവാദ്യം, അറബന മുട്ട്, ഉറുദു ഗസല്‍ ആലാപനം മല്‍സരങ്ങളും അരങ്ങേറി. ഹൈസ്‌കൂള്‍ വിഭാഗത്തിലെ മാർഗംകളി, സംസ്‌കൃത നാടകം, അറബനമുട്ട്, ചാക്യാർ കൂത്ത്, നങ്ങ്യാർ കൂത്ത്, നാദസ്വരം, പഞ്ചവാദ്യം മല്‍സരങ്ങള്‍ നടന്നു.