മഴ തുടരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍

കൊച്ചി: കേരളത്തില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

നിലവില്‍ കേരളത്തിലെ മൂന്ന് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് റെഡ് അലെര്‍ട്ട്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തു വിട്ട നിര്‍ദേശങ്ങള്‍ നോക്കാം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാൻ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാർക്ക് ചെയ്യരുത്.