തകര്‍ത്ത് പെയ്ത് തുലാവര്‍ഷം; ഇത്തവണ 27% കൂടുതല്‍; 5 ജില്ലകളില്‍ അധികമഴ; രണ്ടിടത്ത് ആശങ്ക

തിരുവനന്തപുരം: ഈ വര്‍ഷത്തെ തുലാവര്‍ഷ മഴ അവസാനിച്ചപ്പോള്‍ ആശ്വാസത്തിന്‍റെ കണക്കുകള്‍ക്കൊപ്പം ചിലയിടങ്ങളില്‍ ആശങ്കയും.

2023ലെ തുലാവര്‍ഷം അവസാനിച്ചപ്പോള്‍ കേരളത്തില്‍ ആകെ 27ശതമാനം മഴ കൂടുതലായി ലഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അധികമായി മഴ ലഭിച്ചത് ആശ്വാസമാണെങ്കിലും വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ലഭിക്കേണ്ട മഴയില്‍ കുറവുണ്ടായി.

ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ നീളുന്ന തുലാവര്‍ഷത്തില്‍ 492മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 624.മില്ലി മീറ്റര്‍ മഴയാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞവര്‍ഷം 476.1മില്ലി മീറ്ററായിരുന്നു ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം മൂന്നു ശതമാനത്തിന്‍റെ കുറവാണുണ്ടായിരുന്നതെങ്കില്‍ ഇത്തവണ 27ശതമാനത്തിന്‍റെ വര്‍ധനവുണ്ടായത് ആശ്വാസകരമാണ്.