കുറവിലങ്ങാട്: നിർമാണത്തിലിരുന്ന കെട്ടിടത്തിന് സമീപം കരിങ്കല്ല് ഇറക്കാനെത്തിയ ടിപ്പർ പിന്നോട്ട് എടുക്കുന്നതിനിടയില്‍ അപകടത്തില്‍പെട്ട് കെട്ടിട ഉടമയ്ക്ക് ദാരുണാന്ത്യം.
ഡല്‍ഹി സെൻട്രല്‍ സെക്രട്ടറിയേറ്റ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ വാക്കാട് ഐക്കരേട്ട് ജോസ് മാത്യു (അപ്പച്ചൻ -64) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.30-നായിരുന്നു അപകടം.
കുറവിലങ്ങാട് – വൈക്കം റോഡില്‍ മൂവാങ്കല്‍ ഭാഗത്ത് ചൂളയ്ക്കല്‍ ഷാപ്പിന് സമീപമാണ് വ്യാപാര സമുച്ചയ നിർമാണം നടക്കുന്നത്. പതിവായി ജോസ് മാത്യു നിർമാണവുമായി ബന്ധപ്പെട്ട് ഇവിടെ എത്തുന്നതാണ്. ടിപ്പർ പിന്നോട്ട് എടുക്കുന്നതിനിടയില്‍ പിന്നില്‍നിന്ന ജോസ് മാത്യു ടിപ്പറിനടിയില്‍ പെടുകയായിരുന്നു.
ക്രെയിൻ എത്തിച്ച് ടിപ്പർ ഉയർത്തിയാണ് ജോസ് മാത്യുവിനെ പുറത്തെടുത്തത്. നാട്ടുകാർ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍. ഭാര്യ: ലില്ലിക്കുട്ടി മൂലംങ്കുഴയ്ക്കല്‍, കുറവിലങ്ങാട്. മക്കള്‍: പ്രിയ (ന്യൂസിലാന്റ്), പ്രിൻസ് (എച്ച്.ഡി.എഫ്.സി, ഡല്‍ഹി).
