സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തലസ്ഥാനത്ത് കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാദ്ധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മഴ ശക്തി പ്രാപിയ്ക്കാൻ സാദ്ധ്യതയുണ്ട്. അതിനാല്‍ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്.

അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.