തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന വൈകിയ്ക്കും.
രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മന്ത്രിസഭ പുനസംഘടന നടത്തും എന്നായിരുന്നു ഇടതുമുന്നണിയിലെ ധാരണ. എന്നാല്‍ ഡിസംബര്‍ 24ന് നവകേരള സദസ്സ് പൂര്‍ത്തിയായ ശേഷമായിരിക്കും മന്ത്രിസഭാ പുനസംഘടന നടത്തുന്നത്.
വൈകാതെ അന്തിമ തീരുമാനം എടുക്കാൻ ഇടതുമുന്നണി യോഗം ചേരും. അടുത്തമാസം 20നാണ് രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്നത്. എന്നാല്‍ പതിനെട്ടിന് നവ കേരള സദസ്സ് തുടങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ പുനസംഘടന വൈകിപ്പിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപിന്തുണ വീണ്ടെടുക്കാൻ ഉദ്ദേശിച്ചാണ് മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് എത്തുന്ന നവകേരള സദസ്സ് നടത്തുന്നത്. 18ന് കാസര്‍ഗോഡ് ജില്ലയിലെ പൈവളിഗെയിലാണ് തുടക്കം. 140 നിയോജകമണ്ഡലങ്ങളെയും സ്പര്‍ശിച്ച് ഡിസംബര്‍ 24ന് തിരുവനന്തപുരത്താണ് സമാപനം.
സര്‍ക്കാരിൻ്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാൻ ഉദ്ദേശിച്ചു നടത്തുന്ന പരിപാടിക്ക് ഇടയില്‍ മന്ത്രിമാരെ മാറ്റുന്നത് ഗുണം ചെയ്യില്ല എന്നാണ് സിപിഎമ്മിലെ വിലയിരുത്തല്‍. ഇത് അനാവശ്യ ചര്‍ച്ചകള്‍ക്കും ഇടയാക്കിയേക്കാം.
നവ കേരള തുടങ്ങുന്നതിന് മുമ്ബ് മന്ത്രിസഭാ പുനഃസംഘടന നടത്താനുമാകില്ല. അതിനാല്‍ നവകേരള സദസ്സ് പൂര്‍ത്തിയാക്കുന്നതിനു പിന്നാലെ മന്ത്രിസഭാ പുനസംഘടന നടത്തിയാല്‍ മതി എന്നാണ് സിപിഎം നേതൃത്വത്തിലെ ധാരണ.
