ലഹരി ഉപയോഗിച്ചിട്ടില്ല; മുറിയിലെത്തിയത് ബിനു ജോസഫിനൊപ്പം; ഓംപ്രകാശിനെ അറിയില്ലെന്നും ശ്രീനാഥ് ഭാസി; 5 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസില്‍ നടൻ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ പൂർത്തിയായി.

കൊച്ചി മരട് പൊലീസ് സ്റ്റേഷനില്‍ 5 മണിക്കൂർ‌ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തു. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഓംപ്രകാശിനെ അറിയില്ലെന്നുമാണ് ശ്രീനാഥ് ഭാസി പൊലീസിനോട് പറഞ്ഞത്.

മുറിയിലെത്തിയത് ബിനു ജോസഫിനൊപ്പമെന്നും ശ്രീനാഥ് അറിയിച്ചു. ബിനു ജോസഫ് സുഹൃത്താണെന്നും ബിനുവുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും ഭാസി പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്.

ഇന്ന് രാവിലെ 11.45 ഓടെയാണ് ശ്രീനാഥ് മരട് പൊലീസ് സ്റ്റേഷനിലെത്തിയത്.
നടി പ്രയാഗ മാര്‍ട്ടിനും നടന്‍ ശ്രീനാഥ് ഭാസിയും കൊച്ചിയിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ഓം പ്രകാശുണ്ടായിരുന്ന മുറിയിലെത്തിയെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇവരെ കൂടാതെ ഇരുപത് പേര്‍ വേറെയുമുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു.

മുറിയില്‍ ലഹരിപാര്‍ട്ടി നടന്നെന്ന് ഉറപ്പിച്ചിരിക്കുകയാണ് അന്വേഷണസംഘം. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നല്‍കിയത്. റിമാൻഡ് റിപ്പോർട്ടില്‍ പേരുള്ള 20 പേരില്‍ മറ്റ് ചിലരെയും അന്വേഷണസംഘം ബന്ധപ്പെട്ടിട്ടുണ്ട്. ഓംപ്രകാശ് താമസിച്ചിരുന്ന മുറിയില്‍ ലഹരിയുടെ അംശം കണ്ടെത്തി എന്നാണ് വിവരം. കേസിന്റെ പുരോഗതിയില്‍ ഈ റിപ്പോർട്ട് ഗുണം ചെയ്യും.