മോഷണക്കേസില്‍ ജയിലിലായപ്പോൾ മയക്കുമരുന്ന് കേസ് പ്രതിയുമായി പരിചയം; ജയിലിൽ നിന്നിറങ്ങിയതോടെ പകൽ ഒന്നിച്ച് ബൈക്കിൽ കറക്കം; ‌ആളില്ലാത്ത വീടുകൾ കണ്ടുവച്ച് രാത്രിയിൽ മോഷണം; കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളിലായി 50 ലേറെ മോഷണ കേസുകളിൽ പ്രതിയായ സ്‌പൈഡർ സാബുവും കൂട്ടാളിയും പിടിയിൽ

കിഴക്കമ്പലം: കുപ്രസിദ്ധ മോഷ്ടാവ് സ്‌പൈഡർ സാബുവിനെയും കൂട്ടാളിയെയും പിടികൂടി.

അമ്പതിലേറെ മോഷണക്കേസുകളില്‍ പ്രതിയായ സുല്‍ത്താൻ ബത്തേരി സ്വദേശി സാബു (സ്‌പൈഡർ സാബു, 53) ഇയാളുടെ കൂട്ടാളി കോഴിക്കോട് സ്വദേശി അജിത് സത്യജിത് (30) എന്നിവരാണ് അങ്കമാലിയില്‍ മോഷണ ശ്രമത്തിനിടെ പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.

കഴിഞ്ഞ 30ന് രാത്രി കുന്നത്തുനാട് പോലീസ് സ്റ്റേഷൻ പരിധിയില്‍ മണ്ണൂർ പരമേശ്വരൻ ഇളയതിന്റെ വീടിന്റെ വാതില്‍ പൊളിച്ച്‌ നവരത്‌ന മോതിരം, 25000 രൂപ, സ്മാർട്ട് വാച്ചുകള്‍, പെൻ ക്യാമറ, ടാബ് തുടങ്ങിയ മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്. സംഭവം നടക്കുന്ന സമയത്ത് വീട്ടുകാർ ബന്ധുവിന്റെ വീട്ടിലായിരുന്നു.

പകല്‍ ബൈക്കില്‍ കറങ്ങി നടന്ന് ആളില്ലാത്ത വീട് കണ്ടു വച്ച്‌ രാത്രിയില്‍ മോഷ്ടിക്കുന്നതാണ് സാബുവിന്റെ രീതി. 2023 ല്‍ കോഴിക്കോട് നിന്ന് മോഷണക്കേസില്‍ ജയിലില്‍ പോയ സാബു മയക്കുമരുന്ന് കേസില്‍ ജയിലില്‍ കിടന്ന അജിത്തുമായി പരിചയപ്പെട്ടു.

മാർച്ചില്‍ ജയിലില്‍ നിന്നിറങ്ങിയ പ്രതികള്‍ ഒരുമിച്ചായിരുന്നു മോഷണം. മണ്ണൂരിലെ വീട്ടില്‍ നിന്ന് മോഷണം ചെയ്ത നവരത്‌ന മോതിരം എറണാകുളത്ത് നിന്ന് കണ്ടെടുത്തു. കോഴിക്കോട്, വയനാട്, തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലായി 50 ലേറെ മോഷണ കേസുകളില്‍ പ്രതിയാണ് സാബു. 2001ല്‍ കോഴിക്കോട് മോഷണത്തിനിടെ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസും നിലവിലുണ്ട്.