കോട്ടയം: രാത്രി വയല്‍ വരമ്പില്‍ കൂറ്റൻ പെരുമ്പാമ്പുകള്‍.
വീട്ടിലേക്കുള്ള വഴിയില്‍ ഭയന്ന് നിലവിളിച്ച് നാട്ടുകാർ.
രാത്രിയെന്ന് പോലും നോക്കാതെ രക്ഷകനായി ജോമോൻ ശാരിക കുറുപ്പന്തറ.
കോട്ടയം മരങ്ങോലിയില്‍ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. മരങ്ങോലി പള്ളിയുടെ മുൻവശത്തുള്ള പറമ്പില്‍ ചേർന്നുള്ള കൈതോട്ടില്‍ നിന്നും അടുത്ത പറമ്പില്‍ നിന്നുമായി രണ്ട് പെരുമ്പാമ്പുകളെയാണ് ജോമോൻ രാത്രിയില്‍ റെസ്ക്യു ചെയ്തത്. സമീപവാസികള്‍ സ്ഥിരമായി നടന്നു പോകുന്ന നടവരമ്പിലും തോട്ടിലുമായാണ് രണ്ട് പെരുമ്പാമ്പുകള്‍ കിടന്നിരുന്നത്.
രാത്രിയില്‍ സഹായം ആവശ്യപ്പെട്ട് സമീപവാസികള്‍ വിളിച്ചതോടെ ജോമോൻ സ്ഥലത്ത് എത്തുകയായിരുന്നു.
തോടിന് സമീപത്തായി കാടുപിടിച്ച് കിടന്ന പറമ്പില്‍ നിന്നും ഒരെണ്ണത്തിനെയും മറ്റൊരെണ്ണത്തെ ആള്‍ക്കാർ നടന്നുവരുന്ന നടവരമ്പിന്റെ ചേർന്നുള്ള ചെറിയ കൈത്തോട്ടില്‍ നിന്നുമാണ് പിടികൂടിയത്.
കാട് പിടിച്ചു കിടന്ന പറമ്പില്‍ നിന്ന് ഏറെ പ്രയാസപ്പെട്ടാണ് അഞ്ച് അടിയോളം നീളം വരുന്ന പെരുമ്പാമ്പിനെ പിടികൂടിയത്. നടവരമ്പിലൂടെ നടന്നുവന്ന ആള്‍ക്കാർ പാമ്പിനെ കണ്ടതിന് പിന്നാലെ കോട്ടയം ജില്ലയിലെ സർപ്പ സ്നേക്ക് റെസ്ക്യൂവർ ജോമോൻ ശാരികയെ വിവരം അറിയിച്ചത്. പെരുമ്പാമ്പുകളെ പിടികൂടി കോട്ടയം ഫോറസ്റ്റ് വൈല്‍ഡ് ലൈഫ് ടീമിന് കൈമാറി. മുൻപും സമീപ പ്രദേശത്തുനിന്നും പാമ്പുകളെ റെസ്ക്യൂ ചെയ്തിട്ടുണ്ട്.
