സംസ്ഥാന ബജറ്റില്‍ ഇത്തവണയും ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാനിടയില്ല ; സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്ന് വിശദീകരണം

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാർ കാലാവധി തീര്‍ക്കുമ്ബോള്‍ പെൻഷൻ 2500 രൂപയാക്കുമെന്ന് പ്രഖ്യാപിത നയമായിരുന്നെങ്കിലും സാമ്ബത്തിക സ്ഥിതി അനുകൂലമല്ലെന്ന നിലപാടിലാണ് ധനമന്ത്രി.അതേസമയം സപ്ലൈകോ അടക്കം പൊതുജനങ്ങളോട് നേരിട്ട് ഇടപെടുന്ന മേഖലകളില്‍ അനുകൂലമായ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ക്കും ഇത്തവണ സാധ്യതയുണ്ട്

ബജറ്റ് അവതരണം നടക്കുന്ന ഫെബ്രുവരി കൂടി ചേര്‍ത്താല്‍ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കുടിശിക ആറ് മാസമാകും. ഒന്നാം പിണറായി സര്‍ക്കാരിന‍റെ കാലം തൊട്ടിങ്ങോട്ട് ഇത്രവലിയ കുടിശിക ഇതാദ്യമാണ്. പ്രതിമാസം 900 കോടി വകയിരുത്തുമെന്നും ക്ഷേമപെൻഷൻ അടക്കം സാമൂഹ്യസുരക്ഷ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നും നയപ്രഖ്യാപനത്തില്‍ പറഞ്ഞ സര്‍ക്കാര്‍ പക്ഷെ പെൻഷൻ തുക കൂട്ടാൻ ഇത്തവണ തയ്യാറായേക്കില്ലെന്നാണ് സൂചന.

 

പെൻഷൻ കമ്ബനിയിലേക്ക് പണം വകയിരുത്താൻ കഴിഞ്ഞ ബജറ്റിലേര്‍പ്പെടുത്തിയ ഇന്ധന സെസ്സ് വഴി സമാഹരിച്ചത് 750 കോടി രൂപമാത്രമാണ്. ധനസ്ഥിതി അനുകൂലമല്ലെന്ന നിലപാട് ധനമന്ത്രി എടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര ബജറ്റില്‍ വാരിക്കോരി പ്രഖ്യാപനങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ തീരുമാനം പുനപരിശോധിക്കണമെന്ന അഭിപ്രായം സിപിഎമ്മിന് അകത്തുമുണ്ട്.

 

സാമൂഹ്യ സുരക്ഷാ പദ്ധതികളെ പെൻഷനപ്പുറം വിശാല അര്‍ത്ഥത്തില്‍ കാണാനുള്ള തയ്യാറെടുപ്പും ബജറ്റ് മുൻനിര്‍ത്തി നടത്തുന്നുണ്ടെന്നാണ് വിവരം. ജനങ്ങളോട് നേരിട്ട് ഇടപെടുന്ന മേഖലകളില്‍ സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഇത്തവണയുണ്ടാകും. വിലവര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സപ്ലെയ്കോ സംവധാനത്തിന്‍റെ പുനസംഘടന ലക്ഷ്യമിട്ടുള്ള റിപ്പോര്‍ട്ട് സര്‍ക്കാറെടുത്ത് പുറത്തിടാത്തത് തന്നെ തെരഞ്ഞെടുപ്പ് സാഹചര്യം മുന്നില്‍ കണ്ടാണ്. സപ്ലെയ്കോയിലെ ക്ഷാമം ഒഴിവാക്കാൻ നടപടി ഉണ്ടാകുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്.