പിടികൂടിയ പാമ്പിനെ കുളിപ്പിക്കുന്നതിനിടെ കടിയേറ്റ് യുവാവ് മരിച്ചു; പാമ്പ് കടിയേറ്റ് ഗൃഹനാഥൻ മരിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടാനായി എത്തിയതായിരുന്നു യുവാവ്; കടിച്ച പാമ്പിനെ വനപാലകർ ഏറ്റെടുത്തു

ഏരൂർ : പാമ്പു കടിയേറ്റ് മരിച്ച സജു രാജന്റെ വേർപാടിന്റെ വേദനയിൽ നാട്ടുകാർ. ഏരൂർ, അ‍ഞ്ചല്‍ പ്രദേശങ്ങളില്‍ ഉണ്ടാകുന്ന പാമ്പ് ശല്യത്തലില്‍ നാട്ടുകാർ ആശ്രയം തേടിയിരുന്നത് സജു രാജനെയായിരുന്നു.

ഇത്തവണ ഏരൂർ തെക്കേവയല്‍ കോളനിക്കു സമീപം ഗൃഹനാഥന്റെ ജീവനെടുത്ത സംഭവത്തെ തുടർന്ന് പാമ്പു പിടിക്കാനായി എത്തിയതായിരുന്നു സജു.

അവിടെ കാടു വെട്ടിത്തെളിച്ച് നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയും അതിനെ പിടികൂടുകയുമായിരുന്നു. തുടർന്ന് സാജുവിന്റെ പാമ്പ് പിടിത്ത രീതി അനുസരിച്ച്‌ പതിവുപോലെ ഇതിനെ കുളിപ്പിക്കുകയും ചെയ്തെന്നു നാട്ടുകാർ പറയുന്നു. ഇതിനിടെയാണ് സജുവിന് പാമ്പിന്റെ കടിയേറ്റത്.

എന്നാല്‍ കടിയേറ്റിട്ടും ഭയപ്പെടാതെ സജു വാഹനത്തില്‍ കയറുകയും ചെയ്തു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും നില വഷളാകുകയും കഴിഞ്ഞ ദിവസം മരിക്കുകയുമായിരുന്നു. കടിച്ച പാമ്പിനെ വനപാലകർ ഏറ്റെടുത്തു.