കോട്ടയം: കോട്ടയം നഴ്സിംഗ് കോളേജില്‍ നടന്ന അതിക്രൂര റാഗിംഗില്‍ രൂക്ഷപ്രതികരണവുമായി ഇരയായ കുട്ടികളിലൊരാളുടെ അച്ഛൻ ലക്ഷ്മണ പെരുമാള്‍.
പുറത്ത് വന്ന ദൃശ്യങ്ങള്‍ ചങ്കു തകർക്കുന്നതെന്നായിരുന്നു കുട്ടിയുടെ അച്ഛന്റെ പ്രതികരണം. ലോകത്ത് ഇങ്ങനെയൊക്കെ നടക്കുമോ എന്ന് തന്നെ സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
നാല് മാസമായി ഇത് നടക്കുന്നു. പേടിച്ചിട്ടാണ് കുട്ടികള്‍ പുറത്ത് പറയാത്തത്. തക്കതായ ശിക്ഷ നല്‍കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേ സമയം, സംഭവത്തില്‍ കോളേജിന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കോളേജ് പ്രിൻസിപ്പല്‍ സുലേഖയുടെ വിശദീകരണം. ഇതിന് മുൻപ് ആരും പരാതിപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ പ്രിൻസിപ്പാള്‍ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും ഉറപ്പ് നല്‍കി.
പരാതി കിട്ടിയ ഉടൻ തന്നെ ആന്റി റാഗിംഗ് സെല്‍ നടപടി തുടങ്ങിയെന്നും പ്രിൻസിപ്പള്‍ അറിയിച്ചു. ഹോസ്റ്റലില്‍ വാർഡൻ ഇല്ലെന്നും ഇവർ വ്യക്തമാക്കി. അസിസ്റ്റന്റ് വാർഡൻ മുഴുവൻ സമയവും ഹോസ്റ്റലില്‍ ഉണ്ടാകാറില്ല. ഹൗസ് കീപ്പിംഗ് ഇൻ ചാർജ് ആയ ഒരാള്‍ മാത്രമാണ് രാത്രികാലങ്ങളില്‍ ഉണ്ടാകാറുള്ളത്. ഈ ജീവനക്കാരനില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും പ്രിൻസിപ്പാള്‍ സുലേഖ പറഞ്ഞു.
