ശാസ്താംപൂവം കോളനിയില്‍ സജിക്കുട്ടനും അരുണും മരിച്ചത് വന്യജീവി ആക്രമണത്തില്‍…? ദുരൂഹതയെന്ന് ആരോപിച്ച്‌ കുടുംബം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: ശാസ്താംപൂവം കോളനിയില്‍ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ.

15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് തൃശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷൻ അംഗം വി. കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാർച്ച്‌ 2 ശനിയാഴ്ചയാണ് ശാസ്താംപൂവം കോളനിയില്‍ നിന്ന് സജിക്കുട്ടനെയും (15) അരുണിനെയും (8) കാണാതാകുന്നത്.

പിന്നീട് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തെരച്ചിലിനൊടുവില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

മാർച്ച്‌ 2 ന് രാവിലെ മുതല്‍ കുട്ടികളെ കാണാനില്ലെന്ന് കോളനി അധികൃതർ പോലീസില്‍ പരാതി നല്‍കിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ സമർപ്പിച്ച പരാതിയിലാണ് നടപടി.

വന്യജീവികളുടെ ആക്രമണം കാരണമാണോ മരണം സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന് പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയില്‍ പറയുന്നു.